‘എസ്ര’യുടെ സസ്പെന്‍സ് പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് വാട്ട്സ്ആപ് പോസ്റ്റുകള്‍ക്കെതിരെ പൃഥ്വിരാജ് രംഗത്തെത്തി. ഒരു മികച്ച വാരാന്ത്യം കാത്തിരിക്കെ ചിത്രത്തിന്റെ നിഗൂഢത വെളിവാക്കുന്ന ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്പ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു പൃഥ്വിരാജ്. ഇതെന്തിനാണെന്ന് ചോദിക്കുന്നു അദ്ദേഹം.
”എല്ലാവര്ക്കും നന്ദി. ഒപ്പം ഒരപേക്ഷയും. എസ്രയിലെ സസ്പെന്‍സ് വെളിവാക്കുന്ന തരത്തില്‍ ഒട്ടനേകം പോസ്റ്റുകള്‍ ഫേസ്ബുക്കും വാട്ട്സ്ആപും ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിന് പിന്നിലുള്ള താല്പര്യം എന്താണെന്ന് മനസിലാവുന്നില്ല. പക്ഷേ ഒന്നറിയാം. ഇനിയും ചിത്രം കാണാനുള്ള പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ അത് ദോഷകരമായി ബാധിക്കും. മലയാളത്തില്‍ ഇതുവരെ അന്യമായിരുന്ന ഒന്ന് പരീക്ഷിച്ചതില്‍ ഒരു നടന് എന്ന നിലയില്‍ അഭിമാനിക്കുന്നു. സസ്പെന്‍സ് വെളിവാക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ക്ക് തടയിടാനായാല്‍ ഞാന്‍ കടപ്പെട്ടവനായി” ഫേസ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് പറയുന്നു.
ഏറെക്കാലത്തിന് ശേഷം ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ പ്രദര്‍ശനത്തിനെത്തുന്ന ഒരു സിനിമയാണ് എസ്ര. നവാഗതനായ ജയ് കെ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഫസ്റ്റ്ലുക്കും ട്രെയ്ലറുമൊക്കെ വന്നതിന് പിന്നാലെ പ്രേക്ഷകരില്‍ കാത്തിരിപ്പേറ്റിയതിനു ശേഷം വെള്ളിയാഴ്ച കേരളത്തിലെ 125 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. മള്‍ട്ടിപ്ലെക്സുകളില്‍ പ്രീറിലീസ് ബുക്കിംഗിന് വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം ചിത്രം കണ്ടവരില്‍നിന്നും നല്ല അഭിപ്രായങ്ങള്‍ വരുന്നു.
[fb_pe url=”https://www.facebook.com/PrithvirajSukumaran/posts/1251525418235853:0″ bottom=”30″]
Discussion about this post