വാഷിടംഗ്ടണ്‍: കുടിയേറ്റ വിലക്ക് തടഞ്ഞ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതിനു പകരം കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ട് പഴുതടച്ച പുതിയ നിയമം കൊണ്ടു വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി. കുടിയേറ്റ നിയന്ത്രണം സംബന്ധിച്ച് അടുത്തയാഴ്ച പഴുതടച്ച എക്സിക്യുട്ടീവ് ഉത്തരവ് പുറത്തിറക്കാനാണ് ട്രംപിന്റെ ശ്രമം. ജഡ്ജിമാര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാകും പുതിയ ഉത്തരവ് പുറത്തിറക്കുകയെന്നും ട്രംപ് പറഞ്ഞു. പഴുതടച്ച നിയമം അടുത്തയാഴ്ചതന്നെ കൊണ്ടുവരും.
ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ജനുവരി 27ലെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരേ സിയാറ്റില്‍ കോടതി പുറപ്പെടുവിച്ച വിധി സാന്‍ഫ്രാന്‍സിസ്കോ അപ്പീല്‍ കോടതി ശരിവച്ചത് ട്രംപിനു തിരിച്ചടിയായിരുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ പോയാല്‍ വിജയസാധ്യത കുറവായ സാഹചര്യത്തിലാണ് വീണ്ടും എക്സിക്യുട്ടീവ് ഉത്തരവ് ഇറക്കുന്നത്.
സിറിയ, യെമന്‍, ഇറാന്, ഇറാക്ക്, ലിബിയ, സോമാലിയ, സുഡാന് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ യുഎസില്‍ പ്രവേശിക്കുന്നതു 90 ദിവസത്തേക്കു വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ജനുവരി 27നു പുറപ്പെടുവിച്ചത്. ഉത്തരവ് വിവിധ വിമാനത്താവളങ്ങളില്‍ ആശയക്കുഴപ്പവും പ്രശ്നങ്ങളും സൃഷ്ടിച്ചു. തീവ്രവാദികളില്നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ഇതാവശ്യമാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. എന്നാല്‍ ഇതിനെ സാധൂകരിക്കാനാവശ്യമായ തെളിവു ഹാജരാക്കാന്‍ സര്‍ക്കാരിനായില്ലെന്നു പറഞ്ഞാണു സാന്‍ഫ്രാന്‍സിസ്കോ കോടതി കീഴ്ക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയത്.
Discussion about this post