പറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ന്യൂനപക്ഷ പ്രീണനവുമായി ബിഹാർ സർക്കാർ. റംസാന് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയാണ് ന്യൂനപക്ഷങ്ങളെ കയ്യിലെടുക്കാൻ നിതീഷ് കുമാറും ആർജെഡിയും ശ്രമിക്കുന്നത്. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ഇന്നലെയാണ് മുസ്ലീങ്ങളായ സർക്കാർ ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ ഇറക്കിയത്. ജീവനക്കാർക്ക് ജോലി സമയം കഴിയുന്നതിന് ഒരു മണിക്കൂർ മുൻപുതന്നെ ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകാമെന്നാണ് ഉത്തരവിലുള്ളത്. നോമ്പ് ആരംഭിച്ച് റംസാൻ കഴിയുന്നതുവരെയാണ് ഇവർക്ക് ഈ ആനുകൂല്യമുള്ളത്.
മുസ്ലീം ജീവനക്കാരുടെ സൗകര്യം പരിഗണിച്ചാണ് ജോലി സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാർക്ക് ഓഫീസ് സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുൻപുതന്നെ വീട്ടിലേക്ക് പോകാം. സമാനമായ രീതിയിൽ ഇവർ രാവിലെ സമയത്തിന് ഒരു മണിക്കൂർ മുൻപുതന്നെ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇത് എല്ലാ വർഷവും റംസാൻ മാസത്തിൽ ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ട്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. റംസാൻ മാസത്തിൽ മുസ്ലീം ജീവനക്കാരുടെ സൗകര്യത്തിന് അനുസരിച്ച് ജോലി സമയത്തിൽ മാറ്റം വരുത്തിയ സർക്കാർ നവരാത്രി വേളയിൽ ഹിന്ദുക്കൾക്കും സമാന ആനുകൂല്യം നൽകണമെന്ന് ബിജെപി നേതാവ് അരവിന്ദ് കുമാർ പറഞ്ഞു.
Discussion about this post