ആലപ്പുഴ: കുട്ടനാട് സിപിഎമ്മിൽ വിഭാഗീയതയെ തുടർന്നുണ്ടായ കൂട്ടത്തല്ലിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഡിവൈഎഫ്‌ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്ത്, ലോക്കൽ കമ്മിറ്റി അംഗം ശരവണൻ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസ് എടുത്തത്. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന കിഷോറിന്റെ പരാതിയിലാണ് നടപടി.
സംഭവത്തിൽ കിഷോറിനും പരിക്കേറ്റിരുന്നു. തലയ്‌ക്കേറ്റ സാരമായ പരിക്കുകളെ തുടർന്ന് ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കിഷോർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
രഞ്ജിത്തും, ശരവണനും ഔദ്യോഗിക പക്ഷക്കാരാണ്. ആക്രമിക്കപ്പെട്ട ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്ത പോലീസ് നടപടിയ്‌ക്കെതിരെ സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്. പോലീസ് നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം വ്യക്തമാക്കി. സംഭവം പരിശോധിക്കും. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു പാർട്ടി ഓഫീസിന് മുൻപിൽവച്ച് ഏറ്റുമുട്ടൽ ഉണ്ടായത്. ഔദ്യോഗിക പക്ഷക്കാരനായ പ്രവർത്തകന്റെ വിവാഹത്തിനായി പോകുകയായിരുന്നു രഞ്ജിത്തും, ശരവണനും. ഇതിനിടെ അവിടേക്ക് എത്തി വിമത പക്ഷക്കാർ ആക്രമിക്കുകയായിരുന്നു.
Discussion about this post