എറണാകുളം: സിനിമയിലൂടെ ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച കേസിൽ സംവിധായകൻ ഒമർ ലുലുവിന് ആശ്വാസം. കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ തന്നെയാണ് ഈ വിവരം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
‘നല്ല സമയം’ എന്ന മലയാളം ചിത്രത്തിലൂടെ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ വർഷം ഡിസംബർ 30നായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തത്. ട്രെയിലറിൽ താരങ്ങൾ മാരക ലഹരിമരുന്ന് ആയ എംഡിഎംഎ ഉപയോഗിക്കുന്നത് കാണിക്കുന്നുണ്ട്. ഇതിൽ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോഴിക്കോട് റേഞ്ച് എക്‌സസൈസ് ഇൻസ്‌പെക്ടർ കേസ് എടുത്തത്.
അബ്കാരി നിയമങ്ങൾ ചുമത്തിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പിൻവലിക്കുകയും ചെയ്തിരുന്നു.
അതേസമയം കേസ് റദ്ദാക്കിയ ഹൈക്കോടതിയ്ക്ക് നന്ദി അറിയിക്കുന്നതായി ഒമർ ലുലു പ്രതികരിച്ചു. ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് കരുതുന്നു. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി. ചിത്രം ഈ മാസം 20 ന് ഒടിടിയിൽ റിലീസ് ചെയ്യുമെന്നും ഒമർ ലുലു അറിയിച്ചു.
Discussion about this post