ഇടുക്കി: ഇടമലക്കുടിയിൽ 15കാരിയെ വിവാഹം ചെയ്ത 47കാരനെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്ത് പോലീസ്. കണ്ടത്തിക്കുടി സ്വദേശി രാമനെതിരെയാണ് പോലീസ് കേസ് എടുത്തത്. സംഭവം പുറത്തുവന്നതോടെ ഒളിവിൽ പോയ രാമനായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
നിലവിൽ ശിശുക്ഷേമ സമിതിയയുടെ സംരക്ഷണയിലാണ് പെൺകുട്ടി. 47കാരനുമായി നടന്ന വിവാഹം വിവാഹം റദ്ദാക്കണമെന്ന് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന് സാങ്കേതിക തടസ്സം നിലനിൽക്കുന്നുണ്ടെന്നതാണ് പ്രശ്‌നം.
ഗോത്രവർഗ്ഗ സംസ്‌കാരം അനുസരിച്ച് പുടവ കൈമാറുന്നത് വിവാഹത്തിന് തുല്യമാണ്. ഇങ്ങനെ നടക്കുന്ന ചടങ്ങുകളിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്യാറില്ല. ഇടമലക്കുടിയിൽ ഉണ്ടായതും പുടവ കൊടുക്കൽ ആണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് വിവാഹം അസാധുവാക്കുന്നതിൽ നിയമ തടസ്സം നേരിടുന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു രാമനുമായുള്ള 15 കാരിയുടെ വിവാഹം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് രാമൻ. ആദ്യ വിവാഹ ബന്ധം നിയമപരമായി വേർ പെടുത്താതെ ആയിരുന്നു ഇയാളുടെ രണ്ടാം വിവാഹം. അതേസമയം രാമനിൽ നിന്നും പണം കൈപ്പറ്റിയാണ് പെൺകുട്ടിയെ വിവാഹം കഴിച്ച് നൽകിയത് എന്നാണ് വിവരം ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് വർഷം കഠിന തടവോ, ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് ശൈശവ വിവാഹം.
Discussion about this post