ഇറ്റാനഗർ: ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശിലും അധിനിവേശത്തിന് ശ്രമിച്ച് ചൈന. സംസ്ഥാനത്തെ സ്ഥലങ്ങളുടെ പേര് മാറ്റി പുതിയ പേര് നൽകാനാണ് ചൈനയുടെ ശ്രമം. അരുണാചൽ പ്രദേശിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കി മേഖല തങ്ങളുടേതാണെന്ന് സ്ഥാപിക്കുകയാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്.
11 സ്ഥലങ്ങളുടെ പേര് മാറ്റാനാണ് ചൈനയുടെ നീക്കം. ഇതിന്റെ ഭാഗമായി 11 സ്ഥല പേരുകൾ നിർദ്ദേശിച്ചുകൊണ്ടുള്ള പട്ടിക ചൈനീസ് സിവിൽ അഫയേഴ്‌സ് മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് മലനിരകൾ, രണ്ട് സമതല പ്രദേശങ്ങൾ, രണ്ട് ജനവാസ മേഖല, രണ്ട് നദികൾ എന്നിവയുടെ പേരുകളാണ് ഇതിൽ ഉള്ളത്.
2018 ലും 2021 ലും സമാന നീക്കം ചൈന നടത്തിയിരുന്നു. 2017 ൽ ആറ് പ്രദേശങ്ങൾക്ക് പേരുകൾ നിർദ്ദേശിച്ചുകൊണ്ടുള്ള പട്ടിക ചൈന പുറത്തുവിട്ടിരുന്നു. 2021 ൽ 15 സ്ഥലങ്ങളുടെ പേരുകൾ അടങ്ങിയ പട്ടികയായിരുന്നു പുറത്തുവിട്ടിരുന്നത്.
തിബറ്റിന്റെ തെക്കൻ മേഖലയായ അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്നാണ് ചൈനീസ് വാദം. നേരത്തെ സൈനിക ബലമുപയോഗിച്ച് ലഡാക്ക് കൈക്കലാക്കാൻ ചൈന ശ്രമിച്ചിരുന്നു. ഇത് പൂർണമായി പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ അരുണാചൽ പ്രദേശ് ലക്ഷ്യമിട്ട് എത്തിയിരിക്കുന്നത്. അടുത്തിടെ ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള രാഷ്ട്രങ്ങളുടെ യോഗം അരുണാചൽ പ്രദേശിൽ സംഘടിപ്പിച്ചിരുന്നു. എന്നാൽ ചൈന ഇതിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. തങ്ങളുടെ മേഖലയായ അരുണാചൽ പ്രദേശിൽ പരിപാടി സംഘടിപ്പിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്. അതേസമയം ചൈനയുടെ വാദങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു.
Discussion about this post