മലപ്പുറം: ജില്ലയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. വഴിക്കടവ് പഞ്ചായത്ത് നിവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഈ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിംഗ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, ഈ ഭാഗത്തെ കിണറുകളിൽ നിന്നുള്ള വെളളവും ഉപയോഗിച്ചവർക്കാണ് കോളറയുടെ ലക്ഷണങ്ങൾ പ്രകടമായത്. ഇതേ തുടർന്ന് 14 പേർ ആശുപത്രിയിൽ ചികിത്സ തേടി. പുഴയിലേക്ക് സമീപത്തെ ഹോട്ടലുകളിൽ നിന്നും മലിന ജലം ഒഴുക്കിവിടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. വേനൽ ആയതോടെ ഈ മലിന ജലം കൂടുതൽ ജലസ്രോതസ്സുകളിലേക്ക് വ്യാപിച്ചുവെന്നാണ് കരുതുന്നത്.
കൂടുതൽ പേരിലേക്ക് രോഗം എത്തുന്നത് തടയാൻ ജാഗ്രതാ നിർദ്ദേശം അനൗൺസ്‌മെന്റായി ആളുകളിലേക്ക് എത്തിക്കുന്നുണ്ട്. രോഗ വ്യാപനത്തിന്റെ വിശദാംശങ്ങൾക്കായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സ്ഥലത്ത് എത്തി പരിശോധന നടത്തും. ഇതിന് ശേഷം പ്രതിരോധ നടപടികൾ വിലയിരുത്തുകയും ആളുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്യും.
അതേസമയം പുഴയിലേക്ക് മാലിന ജലം ഒഴുക്കിവിടുന്ന ഹോട്ടലുകൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. ഇനിയൊരു നിർദ്ദേശം ലഭിക്കുന്നതുവരെ തുറന്നു പ്രവർത്തിക്കരുത് എന്നാണ് ഹോട്ടലുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു.
Discussion about this post