അഹമ്മബാദാബാദ്: ഗുജറാത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് എംഎൽഎയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ചൊർവാഡ് സ്വദേശിയായ എംഎൽഎ വിമൽ ചൗദാസയെ ആണ് ആറ് മാസം തടവിന് ശിക്ഷിച്ചത്. അതേസമയം തന്നെ കോടതി വെറുതെവിട്ടെന്ന് വിധി പ്രസ്താവത്തിന് ശേഷം എംഎൽഎ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മാലിയ ഹാട്ടിന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിചാരണ അവസാനിച്ചപ്പോൾ വിമൽ കുറ്റക്കാകരനാണെന്ന് കോടതിയ്ക്ക് വ്യക്തമായി. ഇതോടെ ആറ് മാസം തടവ് ശിക്ഷ വിധിയ്ക്കുകയായിരുന്നു. വിമലിന് പുറമേ കലാപക്കേസിൽ പ്രതികളായ മറ്റ് മൂന്ന് പേർക്കും കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
2010 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് 10 വർഷങ്ങൾക്കിപ്പുറം വിമലിന് ശിക്ഷ വിധിച്ചിരിക്കുന്നത്. മാലിയ ഹാട്ടിന സ്വദേശികളായ മിറ്റ് വാദിയ, ചൗദാസമ എന്നിവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസ് എടുത്തത്. റോഡിൽ വച്ച് വിമലും മിറ്റ് വാദിയയും തമ്മിൽ ചെറിയ വാക്കു തർക്കം ഉണ്ടായി. ഇതേ തുടർന്ന് വിമലും സംഘവും ചേർന്ന് അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിമലും സംഘവും സംഘടിച്ച് പ്രദേശത്ത് കലാപത്തിന് സമാനമായ സാഹചര്യം ഉണ്ടാക്കുകയും, മിറ്റ് വാദിയയുടെ താമസ സ്ഥലത്ത് എത്തി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിലാണ് പോലീസ് കേസ് എടുത്തത്.
Discussion about this post