കോഴിക്കോട്: എലത്തൂർ ഭീകരാക്രമണ കേസിൽ പിടിയിലായ ഷാറൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഷാറൂഖ് സെയ്ഫിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. എൻഐഎ കേസ് ഏറ്റെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരള പോലീസിന്റെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടുമില്ല. ഈ സാഹചര്യത്തിലാണ് കോടതി റിമാൻഡ് ചെയ്തത്.
കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് ഷാറൂഖ് സെയ്ഫിയെ ഹാജരാക്കിയത്. കേസിന് കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തി പോലീസ് റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിയെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. തുടർന്നാണ് വിയ്യൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
കനത്ത സുരക്ഷയിലാണ് ഇയാളെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. കേസ് നടപടികൾ കോടതിയിൽ നടക്കുമ്പോൾ തന്നെ എൻഐഎ ഔദ്യോഗികമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് ഏറ്റെടുത്തിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ദിവസങ്ങളിൽ ഇയാളെ എൻഐഎ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
കോഴിക്കോടിന് സമീപം എലത്തൂരിൽ ഈ മാസം രണ്ടിന് കണ്ണൂരിലേക്ക് പോകുകയായിരുന്നു ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചതാണ് കേസ്. സംഭവത്തിൽ ഒൻപത് പേർക്ക് പൊള്ളലേൽക്കുകയും പരിഭ്രാന്തരായി ട്രാക്കിലിറങ്ങിയ യുവതിയും കുഞ്ഞും അടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇയാളെ പിന്നീട് കേരള പോലീസ് നൽകിയ വിവരം അനുസരിച്ച് മഹാരാഷ്്ട്രയിലെ രത്‌നഗിരിയിൽ നിന്ന് മഹാരാഷ്ട്ര എടിഎസ് പിടികൂടുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റകൃത്യം നടത്തിയെന്ന് സമ്മതിച്ച ഷാറൂഖ് സെയ്ഫി സംഭവത്തിന്റെ ആസൂത്രണത്തെക്കുറിച്ച് കാര്യമായ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. വരും ദിവസങ്ങളിൽ എൻഐഎയുടെ ചോദ്യം ചെയ്യലിൽ ഇക്കാര്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ.
Discussion about this post