കൊച്ചി: നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു സിനിമയുടെ വ്യാജ പതിപ്പുകളിൽ പൊറുതിമുട്ടി നിർമാതാവ്. ഇന്നലെ റിലീസായ സിനിമയുടെ റിലീസ് ദിവസം തന്നെ ഇന്റർനെറ്റിൽ വ്യാജ പതിപ്പുകളുടെ പ്രവാഹമായിരുന്നുവെന്ന് നിർമാതാക്കളിൽ ഒരാളായ രാജേഷ് കൃഷ്ണ സമൂഹമാദ്ധ്യമങ്ങളിലൂടെ പറഞ്ഞു.
കേരളത്തിൽ നൂറിലധികം തിയറ്ററിലാണ് സിനിമ റിലീസായത്. വ്യാജ പതിപ്പുകൾ തടയാൻ വേണ്ട മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. എന്നാൽ റിലീസിന് പിന്നാലെ പല പ്ലാറ്റ്‌ഫോമുകളിലും വ്യാജ പതിപ്പുകൾ എത്തുകയായിരുന്നു. ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു തന്റെ ടീമിെനന്ന് രാജേഷ് കൃഷ്ണ പറഞ്ഞു. ചിത്രത്തിന്റെ വിജയത്തെക്കുറിച്ചുള്ള ആശങ്കയല്ല കാരണം. ചിത്രത്തിന്റെ വ്യാജ കോപ്പികൾ ഇടതടവില്ലാതെ അപ്ലോഡ് ചെയ്തു കൊണ്ടിരുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു ഞങ്ങൾ.
ഇതിനെ സമർത്ഥമായി പ്രതിരോധിച്ച ആന്റി പൈറസി ടീമിന് അഭിനന്ദനങ്ങൾ. സിനിമ രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. കണ്ടവർക്കും വിലയിരുത്തിയവർക്കും പിന്തുണച്ചവർക്കും ഹൃദ്യമായ നന്ദിയും രാജേഷ് കൃഷ്ണ അറിയിച്ചു. സിനിമ തിയറ്ററിൽ തന്നെ കണ്ട് അഭിപ്രായം രേഖപ്പെടുത്തണമെന്നും നിർമാതാവ് അഭ്യർത്ഥിച്ചു.
വർഷങ്ങൾക്ക് ശേഷം ഭാവന മലയാളത്തിലെത്തുന്ന സിനിമ എന്ന നിലയിൽ ചിത്രീകരണ വേളയിൽ തന്നെ സിനിമ ശ്രദ്ധ നേടിയിരുന്നു. നേരത്തെ 17 ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും ഇത് പിന്നീട് 24 ലേക്ക് മാറ്റുകയായിരുന്നു. ബാല്യകാല പ്രണയത്തിന്റെയും നഷ്ടപ്രണയത്തിന്റെയും ഒക്കെ കഥ പറയുന്ന സിനിമയുടെ ആദ്യഷോകൾ കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഭാവനയ്ക്കൊപ്പം ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലണ്ടൻ ടാക്കീസിന്റെയും ബോൺഹോമി എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് കൃഷ്ണയ്ക്കൊപ്പം റെനീഷ് അബ്ദുൾ ഖാദർ ആണ് നിർമാണം. ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിജിബാൽ ആണ് പശ്ചാത്തല സംഗീതം. അരുൺ റുഷ്ദിയാണ് ക്യാമറ.
Discussion about this post