കണ്ണൂർ: മുസ്ലീം വിവാഹങ്ങൾക്കിടയിലെ വേർതിരിവിനെതിരെ നടി നിഖില വിമൽ നടത്തിയ പരാമർശത്തെ തള്ളി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ.വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. വിശ്വാസമനുസരിച്ചാണ് സ്ത്രീകളെ വേറെ പന്തലിൽ ഭക്ഷണം കഴിക്കാനിരുത്തുന്നതെന്നും മലബാറിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇതേ രീതിയാണെന്നും തഹ്ലിയ പറയുന്നു.
”മലബാറിൽ മാത്രമാണ് അത്തരം വേർതിരിവ് കാണുന്നതെന്നാണ് നിഖില പറഞ്ഞത്. അത് തെറ്റാണ്. പരമ്പരാഗതമായ മുസ്ലീം വിശ്വാസമനുസരിച്ച് കൂടിച്ചേരലുകൾ ഒഴിവാക്കുക എന്ന രീതി നിലനിൽക്കുന്നുണ്ടെന്ന് തഹ്ലിയ കൂട്ടിച്ചേർത്തു.
സ്ത്രീകളെ ഭക്ഷണം കഴിക്കാൻ അടുക്കളപ്പുറത്തിരുത്തുന്ന രീതി വിശ്വാസത്തിന്റെ പുറത്തുള്ള വേർതിരിവാണ്. വിവേചനം ആണ് നടക്കുന്നതെങ്കിൽ ഭക്ഷണത്തിലും അത് കാണണം. ഇവിടെ പുരുഷന് നൽകുന്ന അതേ ഭക്ഷണം തന്നെയാണ് സ്ത്രീകൾക്കും നൽകുന്നത്. സൗകര്യത്തിന് അനുസരിച്ചായിരിക്കും സ്ത്രീകൾക്ക് അടുക്കള ഭാഗത്ത് ഭക്ഷണം നൽകുന്നതെന്നും ഫാത്തിമ തഹലിയ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം, സിനിമാ പ്രോമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെയാണ് മലബാറിലുള്ള മുസ്ലീം വീടുകളിൽ, സ്ത്രീകൾ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് നിഖില വിമർശിച്ചത്. ഇതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് നിഖിലയ്ക്ക് നേരിടേണ്ടി വരുന്നത്.
Discussion about this post