ബംഗളൂരു; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ജെഡിഎസ്. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് മേധാവിയുമായ എച്ച്ഡി ദേവഗൗഡയാണ് താനും തന്റെ പാർട്ടിയും ചടങ്ങ് ബഹിഷ്‌ക്കരണത്തിനില്ലെന്ന് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പരിപാടിയല്ലെന്നും രാജ്യവുമായി ബന്ധപ്പെട്ട പരിപാടിയായതിനാൽ ക്ഷണം മാനിക്കുമെന്നും മുൻ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ പരിപാടിയാണ്, പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന്റെ സ്വത്താണെന്ന് അദ്ദേഹം വ്യക്തമാക്കി. നികുതിദായകരുടെ പണം കൊണ്ടാണ് പാർലമെന്റ് നിർമ്മിച്ചത്. അത് ബിജെപിയുടേയോ ആർഎസ്എസിന്റേയോ ഓഫീസല്ലെന്നും ദേവഗൗഡ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയോടുള്ള ബഹുമാനസൂചകമായിട്ടാണ് പരിപാടിയിൽ പങ്കുചേരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ രാഷ്ട്രീയമായി എതിർക്കാൻ തനിക്ക് നിരവധി കാരണങ്ങളുണ്ടെന്നും എന്നാൽ ഞായറാഴ്ചത്തെ പരിപാടിയിൽ രാഷ്ട്രീയം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികളും മറ്റ് 18 പാർട്ടികളും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് എച്ച്ഡി ദേവഗൗഡ നിലപാട് വ്യക്തമാക്കിയത്.
Discussion about this post