ജയ്പൂർ: രാജസ്ഥാനിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കൊടും ക്രിമിനലിനെ വെടിവച്ച് കൊന്നു. ഗുണ്ടാ നേതാവ് കുൽദീപ് ജാഗിനയെ ആണ് അജ്ഞാത സംഘം വെടിവച്ച് കൊന്നത്. ഉച്ചയോടെയായിരുന്നു സംഭവം.
ബിജെപി നേതാവ് കൃപാൽ ജാഗിനയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കുൽദീപ്. കേസിൽ അറസ്റ്റിലായ ഇയാൾ പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഭാരത്പൂർ കോടതിയിൽ ഹാജരാക്കാൻ പോലീസ് വാഹനത്തിൽ കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.
ബസിലായിരുന്നു കുൽദീപിനെ കോടതിയിലേക്ക് കൊണ്ടുപോയത്. കുൽദീപിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജയ്പാലും ഉണ്ടായിരുന്നു. പിന്തുടർന്ന് എത്തിയ അക്രമി സംഘം പോലീസ് വാഹനം തടഞ്ഞ് വെടിയുതിർക്കുകയായിരുന്നു.
15 തവണ അജ്ഞാത സംഘം ഇവർക്ക് നേരെ വെടിയുതിർത്തു എന്നാണ് വിവരം. വെടിയേറ്റ കുൽപീദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിജയ്പാലിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുൽദീപിന്റെ മൃതദേഹം പോസ്റ്റ്്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു കൃപാലിനെ കുൽദീപ് കൊലപ്പെടുത്തിയത്.
Discussion about this post