കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 53 ലക്ഷം രൂപ വിലയുള്ള സ്വർണം പിടികൂടി. സംഭവത്തിൽ കാസർകോട് കുമ്പള സ്വദേശി മുഹമ്മദിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. രാവിലെയോടെയായിരുന്നു സംഭവം.
വിമാനത്താവളത്തിൽ നടടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാളുടെ പക്കൽ നിന്നും സ്വർണം കണ്ടെത്തിയത്. ദോഹയിൽ നിന്നും എത്തിയതായിരുന്നു ഇയാൾ. പരിശോധനയ്ക്കിടെ ഇയാളുടെ പക്കൽ നിന്നും സ്വർണം കണ്ടെടുക്കുകയായിരുന്നു. സ്വർണവുമായി ബന്ധപ്പെട്ട രേഖകൾ ആരാഞ്ഞപ്പോൾ നൽകാൻ മുഹമ്മദിന് കഴിഞ്ഞില്ല. ഇതോടെ സ്വർണക്കടത്ത് ആണെന്ന് വ്യക്തമാകുകയായിരുന്നു.
930 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്. ഈ സ്വർണത്തിന് വിപണിയിൽ 53,59,590 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമന്റ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ സ്വർണക്കടത്ത് തുടരുകയാണ്. നാല് വർഷത്തിനിടെ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 297 കോടിയുടെ സ്വർണമാണ് പിടിച്ചെടുത്തിട്ടുള്ളത്. 2019 മുതൽ 2022 നവംബർ മാസം വരെയുള്ള കണക്കാണിത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 2019 ൽ 443 കേസുകളും 2020 ൽ 258 കേസുകളും 2021ൽ 285 കേസുകളും 2022 നവംബർ വരെ 249 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post