എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ പ്രതികരണവുമായി യുവ നടി ഗ്രേസ് ആന്റണി. 10 ദിവസമായി ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് നടി പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് താനും കുടുംബവും പുകയെ തുടർന്ന് അനുഭവിക്കുന്നത് എന്നും ഗ്രേസ് ആന്റണി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത്. നമ്മളൊക്കെത്തന്നെ അല്ലെ?.മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലത് ഞാൻ എന്റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്ന് മുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി. പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണ്. അപ്പോൾ തീ അണയ്ക്കാൻ പാടുപെടുന്ന അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുന്നത് അല്ലേ എന്ന് ഗ്രേസ് ആന്റണി ചോദിക്കുന്നു.
ലോകത്ത് എന്ത് പ്രശ്‌നം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്‌നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്ക് എന്താ ഇതിനെപ്പറ്റി ഒന്നും പറയാൻ ഇല്ലേ. അതോ പുകയടിച്ച് ബോധം കെട്ടിരിക്കുകയാണോ?. ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ച് കൊല്ലില്ലെന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോൾ അതും പോയി കിട്ടിയെന്നും താരം പറഞ്ഞു.
Discussion about this post