ന്യൂഡൽഹി: നിലപാടുകളിൽ ഭിന്നതയുണ്ടെങ്കിലും തുർക്കിയുടെ പ്രതിസന്ധി ഘട്ടത്തിൽ ഓടിയെത്തുന്ന സഹായിയായി മാറുകയാണ് ഭാരതം. ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് അടിയന്തര രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെയും മെഡിക്കൽ സംഘത്തെയും ഇന്ത്യ അയയ്ക്കും. ദുരിതാശ്വാസ വസ്തുക്കളും തുർക്കിയിലേക്ക് അയയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ മിശ്ര പറഞ്ഞു.
100 പേരടങ്ങുന്ന രണ്ട് എൻഡിആർഎഫ് ടീമുകളാണ് യാത്രയാകുക. അവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ഡോഗ് സ്‌ക്വാഡും അത്യാധുനീക ഉപകരണങ്ങളുമായിട്ടാണ് സംഘം ദുരന്തഭൂമിയിലേക്ക് ഇറങ്ങുകയെന്ന് ഡോ. പി.കെ മിശ്ര പറഞ്ഞു. അവശ്യ മരുന്നുകളുമായി വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെയാണ് തുർക്കിയിലെത്തുക.
തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ ഇന്ത്യൻ എംബസി വഴിയും ഇസ്താംബൂളിലെ കോൺസുൽ ജനറൽ ഓഫീസ് വഴിയും തുർക്കി സർക്കാർ വഴിയുമാണ് ഇന്ത്യ എത്തിക്കുന്ന ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്യുക. അതിശക്തമായ ഭൂചലനമാണ് തുർ്ക്കിയിൽ ഉണ്ടായത്. മരണസംഖ്യ ആയിരം കവിഞ്ഞതായാണ് റിപ്പോർട്ട്. 5000 ത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തെക്ക് കിഴക്കൻ തുർക്കിയിൽ സിറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ഭൂചലനം ഉണ്ടായത്.
നേരത്തെ തുർക്കി പ്രസിഡന്റ് തയ്യിപ്പ് എർദോഗന്റെ ട്വീറ്റിന് മറുപടിയായി തുർക്കി ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ജീവൻ നഷ്ടമായവരുടെ കുടുംബത്തെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി ദുരന്തത്തിൽ നിന്ന് കരകയറാൻ എന്ത് സഹായവും നൽകാൻ ഇന്ത്യ ഒരുക്കമാണെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി വിദഗ്ധ സംഘത്തെ അയയ്ക്കാൻ തീരുമാനമെടുത്തത്.
Discussion about this post