കൊച്ചി; മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മ ഓർമ്മയായിരിക്കുകയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. പ്രിയതാരത്തിന്റെ വിയോഗത്തിൽ വൈകാരികമായി പ്രതികരിക്കുകയാണ് നടി ഉർവ്വശി.
മലയാള സിനിമയിലെ അമ്മമാർക്കിടയിൽ ഏറ്റവും സൗഹൃദപരമായി ഇടപഴകിയിട്ടുള്ളത് കവിയൂർ പൊന്നമ്മയോടൊപ്പമായിരുന്നുവെന്ന് ഉർവ്വശി പറയുന്നു. പൊന്നു ആന്റി എന്നായിരുന്നു താൻ വിളിച്ചിരുന്നതെന്ന് താരം ഓർത്തു. ഈ അമ്മ നടിമാരായിരുന്നു എന്റെ ശക്തിയും ബലവുമെന്ന് വലിയ സങ്കടത്തോടെ ഓർക്കുകയാണ് ഞാനിപ്പോൾ. എന്റെ അമ്മയുമായും അച്ഛനുമായും കുടുംബവുമായും വളരെ അടുപ്പമുള്ളവരായിരുന്നു. മിക്കവാറും വീട്ടിൽ വരും. അടുക്കളയിൽ കയറി കലത്തിൽ നിന്നും ചോറെടുത്ത് കഴിക്കാൻ മാത്രം സ്വാതന്ത്ര്യവും അടുപ്പവും ഉണ്ടായിരുന്നു. എന്നെ തല്ലാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന് ഉർവ്വശി പറയുന്നു.
ചെറിയ കുട്ടിയായിരിക്കുമ്പോൾ സിനിമയിൽ വന്നയാളാണ് ഞാൻ, അമ്മയാണ് ലൊക്കേഷനിൽ കൂട്ടുവന്നിരുന്നത്. പൊന്നു ആന്റിയോ മറ്റ് അമ്മമാരോ സിനിമയിൽ ഉണ്ടെങ്കിൽ അമ്മ വരില്ല. ഇവരുള്ളപ്പോൾ ഞാൻ സുരക്ഷിതയാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. സിനിമയിലെ അതേ വാത്സല്യവും കുലീനതയും ജീവിതത്തിലും പൊന്നു ആന്റി നിലനിർത്തിയെന്ന് താരം പറയുന്നു.
Discussion about this post