കൊൽക്കത്ത; ഐഎസ്എലിൽ പ്ലേ ഓഫ് ഉറപ്പിച്ചതിനുശേഷമുള്ള ആദ്യ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊൽക്കത്തയിൽ നടന്ന കളിയിൽ എടികെ മോഹൻ ബഗാനോട് 2-1 നാണ് തോറ്റത്. ലീഡ് നേടിയ ശേഷമായിരുന്നു തോൽവി. ജയത്തോടെ എടികെ ബഗാൻ പ്ലേ ഓഫ് ഉറപ്പാക്കി. 31 പോയിന്റുമായി മൂന്നാമതെത്തി. ഇത്രതന്നെ പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഗോൾ വ്യത്യാസത്തിൽ അഞ്ചാമതായി.
ബംഗലൂരു എഫ്സിക്കെതിരെ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മധ്യനിരയിൽ അഡ്രിയാൻ ലൂണയ്ക്ക് പകരം അപോസ്തലോസ് ജിയാനുവും സഹൽ അബ്ദുൾ സമദിന് പകരം ബ്രൈസ് മിറാൻഡയുമെത്തി. കളിയുടെ രണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആക്രമണം മെനഞ്ഞു. ബ്രൈസും ഡയമന്റാകോസും ചേർന്നുള്ള നീക്കം എടികെ ഗോൾമുഖം വിറപ്പിച്ചു. എന്നാൽ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. ലൂണയുടെ അഭാവത്തിൽ കലിയുഷ്നിയാണ് മധ്യനിരയിൽ കളി നിയന്ത്രിച്ചത്.
പതിനാറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മനോഹര നീക്കം ഗോളിലെത്തി. കലിയുഷ്നിയിൽനിന്നായിരുന്നു തുടക്കം. മിന്നുന്ന പാസ് ജിയാനുവിലേക്ക്. ജിയാനു ഡയമന്റാകോസിലേക്ക് മനോഹരമായി പന്തൊഴുക്കി. ഡയമന്റാകോസിന്റെ തകർപ്പൻ നീക്കം എടികെ ബഗാൻ ഗോൾവല തകർത്തു. എന്നാൽ ഏഴ് മിനിറ്റിനുള്ളിൽ എടികെ ബഗാൻ തിരിച്ചടിച്ചു. പെട്രറ്റോസിന്റെ സെറ്റ് പീസിൽ മക്ഹ്യൂഗ് ഒപ്പമെത്തിച്ചു.
രണ്ടാംപകുതിയുടെ തുടക്കത്തിൽ രണ്ട് തവണ എടികെ ബഗാൻ അപകടരകമായി ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തെത്തിയെങ്കിലും ഗോൾവല കാത്ത ഗിൽ രക്ഷകനായി. 64ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കിട്ടി രാഹുൽ പുറത്തായത് ബ്ലാസ്‌റ്റേഴ്‌സിന് അടിയായി. ആഷിഖിനെ തടയുന്നതിനിടെയാണ് രാഹുലിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടിയത്. ആദ്യപകുതിയിലും രാഹുൽ കാർഡ് വഴങ്ങിയിരുന്നു.
71ാം മിനിറ്റിൽ മൻവീർ സിങ്ങിന്റെ നീക്കത്തിൽ കാൾ മക്ഹ്യൂഗ് എടികെ ബഗാന്റെ രണ്ടാം ഗോളും നേടി. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് പൊരുതിയെങ്കിലും എടികെ മോഹൻ ബഗാൻ പ്രതിരോധം എല്ലാ ശ്രമങ്ങളും വിഫലമാക്കി. ഫെബ്രുവരി 26ന് ഹൈദരാബാദ് എഫ്സിയുമായാണ് ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. കൊച്ചിയാണ് വേദി.
Discussion about this post