എറണാകുളം: പോപ്പുലർ ഫ്രണ്ട് ബന്ധത്തെ തുടർന്ന് അഭിഭാഷകൻ അറസ്റ്റിലായതിന് പിന്നാലെ മോക് ഡ്രില്ലുമായി ഹൈക്കോടതി. ബോംബ് ഭീഷണി നേരിടാനുള്ള മോക് ഡ്രില്ലാണ് ഹൈക്കോടതി സംഘടിപ്പിക്കുന്നത്. നിരോധിത മതഭീകര സംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി അഭിഭാഷകനായ ഐ.എ മുഹമ്മദ് മുബാറക്കിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് മോക്ഡ്രിൽ. ബോംബ് ഭീഷണി പോലുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിലുള്ള ഹൈക്കോടതിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് മോക് ഡ്രിൽ എന്ന് ഹൈക്കോടതി രജിസ്ട്രാർ അഭിഭാഷക അസോസിയേഷൻ സെക്രട്ടറിയ്ക്ക് നൽകിയിട്ടുള്ള അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ അടിയന്തര സാഹചര്യത്തിൽ അതിനെ നേരിടുന്നതിനായി വിവിധ ഏജൻസികൾ തമ്മിൽ നടത്തുന്ന സഹകരണം എത്രത്തോളമുണ്ടെന്ന് പരിശോധിക്കുകയും മോക് ഡ്രില്ലിന്റെ ലക്ഷ്യമാണ്.
മോക് ഡ്രില്ലിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.5 ന് അലാം ഓഫ് ചെയ്യും. കെട്ടിടത്തിനുള്ളിലുള്ളവരെ പടിക്കെട്ടുകൾ വഴി ഹൈക്കോടതി സമുച്ഛയത്തിലെ അസംബ്ലി പോയിന്റ്‌സിൽ എത്തിക്കും. എന്തെങ്കിലും സംശയുമുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് മുബാറക്കിനെ പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്നതിൽ പ്രധാനി മുബാറക്കാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മുബറക്കിനെ അറസ്റ്റ് ചെയ്തത്.
Discussion about this post