കൊച്ചി: വിഷപ്പുക കൊണ്ട് കൊച്ചിയെ ശ്വാസം മുട്ടിക്കുന്ന ഭരണകർത്താക്കളുടെ കണ്ണ് തുറപ്പിക്കാൻ മൊബൈൽ ഫ്‌ളാഷ് വെളിച്ചത്തിൽ പ്രതിഷേധവുമായി കൊച്ചി കാൺട് ബ്രീത്ത് ടീം കൂട്ടായ്മ. മറൈൻ ഡ്രൈവിൽ ഹൈക്കോടതി ഭാഗത്ത് നിന്നും ആരംഭിച്ച പ്രകടനം മേനകയിലെത്തി തിരികെ ഹൈക്കോടതി ജംഗ്ഷനിൽ സമാപിച്ചു. തൃക്കാക്കര എംഎൽഎ ഉമാ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
വീ ഫോർ കൊച്ചി പ്രസിഡന്റ് നിപുൺ ചെറിയാൻ, ബിജെപി നേതാവ് സന്ദീപ് ജി വാര്യർ തുടങ്ങിയവരും പങ്കെടുത്തു. ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും അഭിഭാഷകരും വിഷപ്പുകയുടെ കെടുതി ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി കുടുംബങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.
തീ അണച്ചുവെന്ന് മന്ത്രിമാരും അധികാരികളും പറയുന്നുണ്ടെങ്കിലും പൂർണമായി വിശ്വസനീയമല്ലെന്ന് തൃക്കാക്കര എംഎൽഎ ഉമാ തോമസ് പറഞ്ഞു. ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര ഇടപെടൽ അടക്കം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും ഉമാ തോമസ് വ്യക്തമാക്കി.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാകും ശുദ്ധവായുവിന് വേണ്ടി സമരം ചെയ്യേണ്ടി വരുന്നതെന്ന് സന്ദീപ് ജി വാര്യർ പറഞ്ഞു. കൊച്ചിയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇവിടെ തുടരാൻ കഴിയുന്ന സാഹചര്യമുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം. ജനങ്ങളുടെ ജീവൻ വെച്ച് പന്താടാൻ ഒരു രാഷ്ട്രീയപാർട്ടിക്കും അവകാശമില്ല. താൻ അടക്കമുളള രാഷ്ട്രീയക്കാർ ഈ വിഷയം അവസാനിക്കുന്നത് വരെ കൊച്ചിയിൽ വന്ന് ഇവിടെ താമസിക്കാൻ തയ്യാറാകണമെന്നും സന്ദീപ് ജി വാര്യർ ആവശ്യപ്പെട്ടു.
കൊച്ചിക്ക് ശ്വസിക്കാനാകുന്നില്ലെന്നും ഞങ്ങൾക്ക് ജീവിക്കണമെന്നും ഉൾപ്പെടെയുളള പ്ലക്കാർഡുകളുമേന്തിയാണ് പെൺകുട്ടികൾ അടക്കം അൻപതിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഒട്ടേറെ ശാസ്ത്രീയ മാർഗങ്ങളുണ്ടായിട്ടും പത്ത് ദിവസമായി കൊച്ചിയെ വിഷപ്പുകയിൽ വീർപ്പുമുട്ടിക്കുന്നതിന് പിന്നിൽ അധികാരികളുടെ വീഴ്ചയാണെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഒരു പ്രതിഷേധം കൊണ്ട് ഈ വിഷയം അവസാനിപ്പിക്കില്ലെന്ന് സംഘാടകനായ ഹരിറാം എംവി പറഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യനിർമാർജ്ജനത്തിൽ ശാസ്ത്രീയ പരിഹാരം വിശദീകരിക്കാൻ അടുത്ത ശനിയാഴ്ച കടവന്ത്രയിൽ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post