കോഴിക്കോട്: പരസ്യമായ സ്‌നേഹ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കോഴിക്കോട് എൻഐടി ക്യാമ്പസ്. ഇതുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്‌സ് ഡീൻ ഡോ. ജി.കെ രജനീകാന്ത് സർക്കുലർ പുറപ്പെടുവിച്ചു. വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായാണ് നടപടി.
തിങ്കളാഴ്ചയാണ് സർക്കുലർ പുറപ്പെടുവിച്ചത്. ക്യാമ്പസിനുള്ളിൽ പരസ്യമായ സ്‌നേഹ പ്രകടനങ്ങൾ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. പരസ്യമായുള്ള സ്‌നേഹ പ്രകടനം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും, മറ്റ് ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും. ഇതിന് പുറമേ വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. പരസ്യമായ സ്‌നേഹ പ്രകടനം സ്വകാര്യതയുടെ ലംഘനവും ബഹുമാനക്കുറവുമാണ്. അതിനാൽ ക്യാമ്പസിനുള്ളിൽ ഇത് അനുവദിക്കാൻ കഴിയില്ലെന്നും സർക്കുലറിൽ ഉണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം സംഭവത്തിൽ വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധം ആണ് ഉയരുന്നത്. കോളേജിന്റെ നടപടി വിചിത്രമാണെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. എന്നാൽ ഉത്തരവിനെതിരെ പരസ്യമായി പ്രതിഷേധിച്ച് ആരും രംഗത്ത് എത്തിയിട്ടില്ല.
Discussion about this post