കോഴിക്കോട്: മാളികപ്പുറം സിനിമയിൽ ഹിന്ദുയിസവും ആർഎസ്എസ് അജണ്ടയും ഒളിച്ചുകടത്തുന്നുവെന്ന ആരോപണത്തെ വിമർശിച്ച് യുവ സംവിധായകൻ അനൂപ് എസ് പണിക്കർ. മാളികപ്പുറം സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലാണ് അനൂപ് എസ് പണിക്കർ സിനിമയ്ക്ക് എതിരായ പ്രചാരണങ്ങളെ തളളിക്കളഞ്ഞത്. കടാവർ സിനിമയുടെ സംവിധായകനാണ് അനൂപ് എസ് പണിക്കർ.
ചില ആളുകൾ ഈ സിനിമയിൽ ഹിന്ദുയിസം, ആർഎസ്എസ് അജണ്ടകൾ ഒളിച്ചു കടത്തുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കാണുന്നു. മനസിലാകാത്തത് ഇതാണ്, ഒരു കുഞ്ഞു പെൺകുട്ടിക്ക് അയ്യപ്പനെ കാണാൻ ഉള്ള ഇഷ്ടം, തനിയെ പോകുന്ന കുട്ടിക്ക് അവളുടെ ഇഷ്ടം നടത്തി കൊടുക്കാൻ കൂടെ നിൽക്കുന്ന ഉണ്ണി, ആ കുട്ടിയുടെ മനസിലെ അയ്യപ്പനെ അവൾക്ക് പലപ്പോഴായി ഫീൽ ചെയ്യുന്നു ഇതിൽ എവിടെ ആണ് ഒളിച്ചുകടത്തലെന്ന് അനൂപ് ചോദിക്കുന്നു.
മലപ്പുറത്തു ചെയ്യുന്ന സിനിമകൾ എന്തേലും പ്രത്യേക താല്പര്യങ്ങൾ ഉണ്ട് എന്ന് ആരും ഇതുവരെ എവിടെയും പറഞ്ഞു കണ്ടതായി തന്റെ അറിവിൽ ഇല്ല, കോട്ടയത്ത് വെച്ചു എടുത്ത സിനിമകൾക്കും ഇങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല, അപ്പോ എന്താണ് ശബരിമല പരിസരങ്ങളിൽ പടം ഷൂട്ട് ചെയ്താൽ… ഈ ചിന്താഗതി ഉള്ള ആൾ ഉത്തരം നൽകിയാൽ നന്നായിരിക്കുമെന്നും അനൂപ് പറയുന്നു.
മാളികപ്പുറം തനിക്ക് പ്രിയപ്പെട്ടതാകൻ കാരണങ്ങൾ അനവധിയാണ്, എന്റെ കടാവർ സിനിമയുടെ എഴുത്തുകാരൻ അഭിലാഷ് പിളള, പിന്നെ എന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന വിഷ്ണു ശശി ശങ്കർ എല്ലാത്തിലും ഉപരി സ്വാമി അയ്യപ്പനോടുള്ള ഭക്തി.., എന്റെ ഭക്തിക്കു സംതൃപ്തി നൽകിയ സിനിമ ആയിരുന്നു മാളികപ്പുറം, അതുപോലെ അയ്യപ്പനെ ആരാധിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടാൻ ഉള്ള ചേരുവകൾ ആ സിനിമയിൽ ഉണ്ടായിരുന്നു, അതുകൊണ്ട് ആ സിനിമ ഇന്ന് വലിയ വിജയമാണെന്നും അനൂപ് കുറിച്ചു.
തന്റെ രാഷ്ട്രീയം ആർഎസ്എസ് ആണെന്നും എല്ലാമതത്തിലുള്ള സഹോദരങ്ങളെ കൂടെ സ്‌നേഹിച്ചും ബഹുമാനിച്ചും ജീവിക്കുന്ന ഒരു വ്യക്തിയാണെന്നും അനൂപ് പറയുന്നു. രാഷ്ട്രീയം എല്ലാ വ്യക്തികളുടെയും വ്യക്തിപരമായ സ്വാതന്ത്ര്യം ആണെന്നും അനൂപ് ചൂണ്ടിക്കാട്ടി.













Discussion about this post