ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയിൽവിട്ടു. ഏഴ് ദിവസത്തേക്ക് ആണ് സിസോദിയയെ കോടതി കസ്റ്റഡിയിൽ വിട്ടത്. ഇഡിയുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി നടപടി.
ഉച്ചയോടെയായിരുന്നു സിസോദിയയെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇഡി കോടതിയിൽ ഹാജരാക്കിയത്. 10 ദിവസത്തെ കസ്റ്റഡി വേണമെന്നായിരുന്നു ആവശ്യം. മദ്യനയ അഴിമതിയിൽ നിന്നും ലഭിച്ച കള്ളപ്പണം സിസോദിയ വെളുപ്പിച്ചതായാണ് കണ്ടെത്തൽ. ഇക്കാര്യങ്ങൾ ഇഡിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചതോടെയായിരുന്നു ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
മലയാളിയായ വിജയ് നായരും സംഘവും ചേർന്നാണ് മദ്യവിൽപ്പന സ്വകാര്യ ഏജൻസികൾക്ക് നൽകാൻ ഗൂഢാലോചന നടത്തിയത് എന്ന് ഇഡിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സൊഹെബ് ഹൊസ്സൈൻ കോടതിയിൽ വ്യക്തമാക്കി. മദ്യവിൽപ്പന സ്വകാര്യ ഏജൻസികൾക്ക് നൽകാനുള്ള നയം കൊണ്ടുവരാൻ സിസോദിയ തീരുമാനിച്ച അന്ന് മുതൽ ഗൂഢാലോചന ആരംഭിച്ചിരുന്നു. തെലങ്കാന എംഎൽസി കവിതയ്ക്ക് 9 സോണുകളുടെ നിയന്ത്രണം ആയിരുന്നു ഉണ്ടായിരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിസോദിയ എന്നിവർക്ക് വേണ്ടി ഇടപാടുകൾ നടത്തിയിരുന്നത് വിജയ് നായരാണ്. മറ്റുള്ളവരുടെ പേരിൽ സിസോദിയ സിം കാർഡുകൾ വാങ്ങിയിരുന്നു. ഇത് ഉപയോഗിക്കാൻ ഫ്‌ളിപ്പ്കാർട്ട് വഴി ഫോണുകൾ വാങ്ങുകയും മറ്റുള്ളവരുടെ പേരിൽ പണം നൽകുകയും ചെയ്തിരുന്നുവെന്നും ഇഡിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതെല്ലാം കേട്ട ശേഷമായിരുന്നു കോടതിയുടെ നടപടി.
കഴിഞ്ഞ മാസം 26 നായിരുന്നു മദ്യനയ അഴിമതി കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ കസ്റ്റഡിയിൽ തുടരുമ്പോൾ തന്നെ സിസോദിയയെ ഇഡിയും ചോദ്യം ചെയ്തിരുന്നു. ഇതിലാണ് കള്ളപ്പണം വെളുപ്പിച്ചതായി വ്യക്തമായത്. ഇതോടെ കേസ് എടുത്ത് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം അഴിമതി കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യഹർജി കോടതി ഈ മാസം 21 ന് പരിഗണിക്കും.
Discussion about this post