നാഗ്പൂർ : കൃത്യമായ ലൈനിലും ലെംഗ്തിലും പന്തെറിയുന്നതിലും ബാറ്റർമാരെ ഞെട്ടിക്കുന്ന സ്വിംഗ് ബൗളിംഗിലും മിടുക്കനാണ് ഇന്ത്യയുടെ മുഹമ്മദ് ഷമി. എന്നാൽ ബാറ്റിംഗിൽ ലോകോത്തര താരമായ വിരാട് കോഹ്‌ലിയെ പിന്നിലാക്കിയിരിക്കുകയാണ് നാഗ്പൂർ ടെസ്റ്റിലെ ബാറ്റിംഗിലൂടെ മുഹമ്മദ് ഷമി. വാലറ്റത്ത് തീപ്പൊരി ബാറ്റിംഗിലൂടെ 37 റൺസ് നേടിയ ഷമി മൂന്ന് സിക്സറുകളും രണ്ടു ബൗണ്ടറികളും പറത്തിയിരുന്നു.
നിലവിൽ ടെസ്റ്റിലെ സിക്സറുകളുടെ എണ്ണത്തിലാണ് ഷമി വിരാട് കോഹ്‌ലിയെ പിന്നിലാക്കിയിരിക്കുന്നത്. നിലവിൽ 25 സിക്സറുകളാണ് ഷമി നേടിയത്. വിരാട് കോഹ്‌ലി 24 സിക്സറൂകളാണ് ടെസ്റ്റിൽ നേടിയിട്ടുള്ളത്.
ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയത് വീരേന്ദ്ര സേവാഗാണ്. 90 സിക്സറുകൾ. 78 സിക്സറുകൾ നേടിയ ധോണി രണ്ടാമതും 69 എണ്ണം പറത്തിയ സച്ചിൻ മൂന്നാമതുമാണ്. നിലവിൽ കളിക്കുന്നവരിൽ രോഹിത് ശർമ്മയാണ് മുന്നിൽ. 66 സിക്സറുകൾ.
ഇന്ത്യൻ ഓൾറൗണ്ടർ ലെജൻഡ് കപിൽ ദേവ് 61 ഉം സൗരവ് ഗാംഗുലി 57 ഉം സിക്സറുകൾ അടിച്ചിട്ടുണ്ട്. മുഹമ്മദ് ഷമിക്ക് മുകളിൽ പട്ടികയിൽ ഉള്ള രണ്ട് ബൗളർമാർ ഹർഭജൻ സിംഗും സഹീർ ഖാനുമാണ്. ഹർഭജൻ സിംഗ് 42 സിക്സറുകളും സഹീർ 28 സിക്സറുകളും അടിച്ചിട്ടുണ്ട്. മുഹമ്മദ് ഷമിക്ക് തൊട്ട് മുകളിൽ ഉള്ളത് സുനിൽ ഗവാസ്കറാണ്. 26 സിക്സറുകൾ.
Discussion about this post