ലക്‌നൗ: ഉത്തർപ്രദേശിൽ വൻ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും പ്രമുഖ വ്യാപാരിയുമായ മുകേഷ് അംബാനി. ലക്‌നൗവിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപകരുടെ ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ 1 ട്രില്യൺ ആയി ഉയരുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
അടുത്ത നാല് വർഷത്തിനിടെ 73,000 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 10 ഗിഗാ വാട്ട് കപ്പാസിറ്റിയുള്ള പുന:രുപയോഗിക്കാവുന്ന ഊർജ്ജ ഉത്പാദനത്തിനായുള്ള പദ്ധതി ആരംഭിക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിയ പദ്ധതിയായിരിക്കും ഇത്. ഇതിന് പുറമേ സംസ്ഥാനത്ത് ബയോ ഗ്യാസ് ഉത്പാദിപ്പിക്കുന്നതിനുളള പദ്ധതിയ്ക്കും തുടക്കം കുറിക്കും. പുതുതായി ആരംഭിക്കുന്ന വിവിധ സംരംഭങ്ങൾ നാട്ടിലെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ നൽകും. ഇതിന് പുറമേ കർഷകർക്കും പദ്ധതികൾ വലിയ ഗുണം ചെയ്യും.
ഗ്രാമ മേഖലയിലെ വിദ്യാർത്ഥികളെ ആരോഗ്യമേഖലയിലേക്ക് എത്തിക്കുന്നതിനായി ജിയോ സ്‌കൂൾ, ജിയോ അൽ ഡോക്ടർ എന്നീ പദ്ധതികൾക്കും തുടക്കം കുറിക്കാനാണ് മുകേഷ് അംബാനിയുടെ നീക്കം. നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പദ്ധതികൾക്കായുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കും.
സംസ്ഥാനത്ത് എല്ലാ മേഖലയിലുമുള്ള തൊഴിലാളികൾക്ക് ഗുണം ചെയ്യുന്ന പദ്ധതികളാണ് ഉത്തർപ്രദേശിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. കാർഷിക- കാർഷികേതര മേഖലകളിലെ ഉത്പാദനം കൂട്ടുകയാണ് ലക്ഷ്യം. ഈ വർഷം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും 5ജി സേവനം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഇന്ത്യയുടെ പ്രതീക്ഷയാണ് ഉത്തർപ്രദേശ്. നോയിഡയിൽ നിന്നും ഗോരഖ്പൂർ വരെയുള്ള ആളുകളിൽ വലിയ ഉത്സാഹമാണ് കാണാൻ കഴിയുന്നത്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം എന്നതിൽ നിന്നും ഇന്ത്യയിലെ ഏറ്റവും സമൃദ്ധമായ സംസ്ഥാനം എന്നതിലേക്ക് ഉത്തർപ്രദേശിനെ മാറ്റിയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post