മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനുമായി ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഉഭയകക്ഷി, മേഖലാ വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രതിരോധ സഹകരണം ഉൾപ്പെടെ ചർച്ചയായതായി സൂചനയുണ്ട്.
ഇന്ത്യയും റഷ്യയും തമ്മിലുളള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ മികവോടെ മുൻപോട്ടുകൊണ്ടുപോകുന്നതിനുളള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. യുക്രെയ്ൻ യുദ്ധം അവസാനിക്കാതെ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര പ്രാധാന്യവും ഉണ്ട്. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ ശക്തമായ ഇടപെടൽ ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. റഷ്യയുമായുളള സൗഹൃദം ഉപയോഗപ്പെടുത്തി യുദ്ധം അവസാനിപ്പിക്കാൻ പുടിന് മേൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മർദ്ദം ചെലുത്തണമെന്ന് ലോക നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാൻ വിഷയത്തിൽ മോസ്‌കോ ആതിഥേയത്വം വഹിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെയും സുരക്ഷാ കൗൺസിൽ സെക്രട്ടറിമാരുടെയും യോഗത്തിൽ ഇന്നലെ ഡോവൽ പങ്കെടുത്തിരുന്നു. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമവും മാനുഷീക സഹായവും ഉറപ്പിക്കുന്നതിനായിരുന്നു യോഗം. ആവശ്യസമയത്ത് ഇന്ത്യ അഫ്ഗാനിലെ ജനങ്ങളെ കൈവിടില്ലെന്നും അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തെ പരിപോഷിപ്പിക്കാനുളള ഇടമാക്കാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും യോഗത്തിൽ ഡോവൽ വ്യക്തമാക്കിയിരുന്നു.
ഡൽഹിയിൽ ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കാനിരിക്കെയാണ് ഡോവലിന്റെ റഷ്യൻ സന്ദർശനം. മാർച്ച് ഒന്നിനും രണ്ടിനും നടക്കുന്ന യോഗത്തിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ് റോവ് ഉൾപ്പെടെ പങ്കെടുക്കും.
Discussion about this post