തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ചയാണ് അദ്ദേഹത്തെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക. അതേസമയം അദ്ദേഹത്തിന്റെ ന്യൂമോണിയ ഭേദമായി.
ചാർട്ടേഡ് വിമാനത്തിലാണ് അദ്ദേഹത്തെ ബംഗളൂരുവിൽ എത്തിക്കുക. വിമാനം എഐസിസി ഏർപ്പാടാക്കിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലാകാർജ്ജുൻ ഖാർഗെയുടെ നിർദ്ദേശ പ്രകാരം കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. അദ്ദേഹമാണ് ഒരുക്കങ്ങൾ സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ അറിയിച്ചത്. എഐസിസി ആവശ്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുന്നത് എന്നാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ന്യൂമോണിയ ബാധയെ തുടർന്ന് ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ ഉമ്മൻ ചാണ്ടിയ്ക്ക് മക്കൾ മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരൻ രംഗത്ത് എത്തിയിരുന്നു.
മകനെന്ന നിലയ്ക്ക് തന്റെ പിതാവിന്റെ ആരോഗ്യത്തിൽ തനിക്ക് അതിയായ ആശങ്കയുണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. അടുത്തിടെ പുതുപ്പള്ളിയിൽ നിന്നടക്കം നൂറു കണക്കിന് ആളുകൾ ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചത്. മികച്ച ചികിത്സയാണ് അദ്ദേഹത്തിന് നൽകുന്നത് എന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
Discussion about this post