ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. തീവണ്ടിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ക്വറ്റയിൽ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പെഷവാറിൽ നിന്നും ക്വറ്റയിലേക്ക് വരികയായിരുന്ന ജാഫർ എക്പ്രസിലാണ് സ്‌ഫോടനം ഉണ്ടായത്. ചിച്ചവാട്‌നി സ്റ്റേഷനിൽ നിന്നും വണ്ടി പുറപ്പെട്ടയുടനെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. തീവണ്ടിയുടെ നാലാം നമ്പർ കംപാർട്ട്‌മെന്റിലാണ് സ്‌ഫോടനം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം . ചിച്ചവാട്‌നി സ്റ്റേഷനിൽ നിന്നും ഗ്യാസ് സിലിണ്ടറുമായി ഒരാൾ തീവണ്ടിയിൽ കയറിയിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇരിക്കുന്ന സീറ്റിന് താഴെയായാണ് സിലിണ്ടർ സൂക്ഷിച്ചിരുന്നത്. അൽപ്പ നേരത്തിന് ശേഷം ഇയാൾ എവിടെ നിന്നും എഴുന്നേറ്റ് ശുചിമുറിയിലേക്ക് പോയി. ആ സമയം സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ കൂട്ടിച്ചേർത്തു.
സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താലിബാൻ ഭീകരരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ മാസം ഇത് രണ്ടാമത്തെ ഭീകരാക്രമണമാണ് ക്വറ്റയിൽ ഉണ്ടാകുന്നത്.
Discussion about this post