ന്യൂഡൽഹി: തുടർച്ചയായി ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്റണി ആൽബനീസിനെ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖാലിസ്താൻ ഭീകരർ തുടർച്ചയായി ഹിന്ദു ക്ഷേത്രങ്ങൾ ലക്ഷ്യമിടുന്നത് ഇന്ത്യക്കാരിൽ വലിയ ആശങ്കയാണ് ഉളവാക്കുന്നത്. ഓസ്‌ട്രേലിയയിലെ ഹിന്ദുക്കൾക്ക് സുരക്ഷ നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.
കാൻബറയിൽ അടുത്തിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ആയിരുന്നു ആദ്യം ഓസ്ട്രലിയൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. കഴിഞ്ഞ കുറേ നാളുകളായി ക്ഷേത്രങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുകയാണ്. ഇത്തരം വാർത്തകൾ ഇന്ത്യയിലെ ഹിന്ദുക്കളിലും സ്വാഭാവികമായി ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് ആന്റണി ആൽബനീസിനോട് സൂചിപ്പിച്ചു. ഓസ്ട്രലിയയിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാന പരിഗണന നൽകുന്നത് എന്നും, അതിനാൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആൽബനീസ് ഉറപ്പു നൽകി. ഈ വിഷയത്തിൽ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നയതന്ത്ര ബന്ധത്തിൽ ഏറെ പ്രധാന്യം പ്രതിരോധ രംഗത്തെ സഹകരണത്തിനാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ആന്റണി ആൽബനീസുമായി സംസാരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ- പസഫിക് മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനായി വിവിധ കരാറുകളിൽ ഒപ്പുവച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി തന്ത്രപ്രധാനമായ കരാറുകളിൽ ഇരു രാജ്യങ്ങളും ഏർപ്പെട്ടതായി ആന്റണി ആൽബനീസും വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ദൃഢമാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു. ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചെന്നും ആൽബനീസ് കൂട്ടിച്ചേർത്തു.
Discussion about this post