പറ്റ്‌ന; ബിഹാറിലെ കലാപകാരികൾക്ക് താക്കീതുമായി അമിത് ഷാ. നവാഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം രാമനവമി ദിവസം ബിഹാറിൽ കലാപമുണ്ടാക്കിയവർക്ക് മുന്നറിയിപ്പ് നൽകിയത്. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെയും 2025 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയെയും അധികാരത്തിലേറ്റിയാൽ ഈ കലാപകാരികളെ നേരെയാക്കി തരാമെന്ന് അമിത് ഷാ ബിഹാറിലെ ജനങ്ങളോട് പറഞ്ഞു. നവാഡയിലെ ഹിസ്വയിൽ നടന്ന പൊതുറാലിയിലായിരുന്നു അമിത് ഷാ പങ്കെടുത്തത്.
ബിഹാറിൽ കഴിഞ്ഞ ദിവസം രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെ ഉണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. ബിഹാറിൽ സമാധാനം പുലരാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന സർക്കാരിനോട് പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ലെന്നും കൂട്ടിച്ചേർത്തു. രാമനവമി ദിനത്തിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ അമിത് ഷായ്ക്ക് സംസ്ഥാനത്തെ ചില പരിപാടികൾ റദ്ദ് ചെയ്യേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിഹാറിലെ ജെഡിയു – ആർജെഡി സഖ്യം തകരുമെന്നും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രീണന രാഷ്ട്രീയമാണ് ബിഹാറിൽ നിതീഷ് കുമാറും ലാലുപ്രസാദ് യാദവും നടത്തുന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
നളന്തയിലെ ബിഹാർ ഷെരീഫിലും സസരാമിലുമൊക്കെ കലാപകാരികൾ അനിയന്ത്രിതമായി വിഹരിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയാൽ അവർക്ക് ഉചിതമായ ശിക്ഷ നൽകും. സസരാമിൽ ഇന്ന് താൻ പങ്കെടുക്കേണ്ട പരിപാടികൾ ഉണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അതിന് സാദ്ധ്യമല്ലാത്ത സാഹചര്യമാണ്. അവിടെ ജനങ്ങൾ കൊല്ലപ്പെടുകയാണ്. വെടിയുണ്ടകളും ടിയർഗ്യാസും പ്രയോഗിക്കുന്നു. അടുത്ത തവണ വരുമ്പോൾ സസരാമിലെ ജനങ്ങളെ കാണാൻ ഉറപ്പായി എത്തുമെന്നും അമിത് ഷാ പറഞ്ഞു.
ജംഗിൾരാജ് കണ്ടുപിടിച്ച ലാലുപ്രസാദ് യാദവിന്റെ പാർട്ടി പങ്കാളിയായിട്ടുളള സർക്കാരാണ് ബിഹാറിലേത്. ആ സർക്കാരിന് ഒരിക്കലും സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. ബിഹാർ ഷെരീഫിൽ ഉൾപ്പെടെ ശനിയാഴ്ച രാത്രിയിലും വീണ്ടും കലാപം ഉണ്ടായതിനെ തുടർന്ന് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post