ജെറുസലേം: ഗാസയിൽ വമ്പൻ ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേൽ. പതിനായിരക്കണക്കിന് സൈനികരാണ് ഗാസ അതിർത്തിയിൽ നിവിൽ തമ്പടിച്ചിരിക്കുന്നത്. എന്തോ വലുത് സംഭവിക്കാൻ പോകുന്നു എന്ന രീതിയിലാണ് തയ്യാറെടുപ്പ്.
ആയിരത്തിലധികം ഇസ്രായേലികളുടെ ജീവൻ അപഹരിച്ച തീവ്രവാദികളുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകണമെന്നാണ് രാജ്യത്തെ പൊതുവികാരം. എന്നാൽ ഗാസയിലെ ജനസാന്ദ്രത, അതിസങ്കീർണ്ണമായ ഭൂഗർഭ തുരങ്ക ശൃംഖല, ബന്ദികളാക്കപ്പെടുന്ന ഇസ്രായേലികൾക്കും അമേരിക്കക്കാർക്കും മറ്റുരാജ്യക്കാർക്കമുള്ള അപകടസാധ്യത എന്നിവ കാരണം കര ആക്രമണം സങ്കീർണ്ണമാകുകയാണ്.
നിരവധി യുദ്ധടാങ്കുകളാണ് ഗാസ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇസ്രായേൽ വളരെ കഠിനമായും ആക്രമണാത്മകമായും പ്രതികരിക്കാൻ പോകുന്നു, കൂടുതൽ ജീവൻ നഷ്ടപ്പെടും,” ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് റിച്ചാർഡ് ഹെക്റ്റ് വ്യക്തമാക്കി.
ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കര മാർഗമുള്ള യുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുന്നത്. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ൽ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രയേൽ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗാസ പിടിക്കാൻ തയ്യാറെടുക്കുകയാണെന്ന് സാരം.
ബന്ദികളെ കൊലപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്നത് കൊണ്ടാണ് സൈന്യം, കരമാർഗമുള്ള ആക്രമണം വൈകിപ്പിക്കുന്നത്.ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇത് ഏറെ നീണ്ടുനിൽക്കുന്നതും ബുദ്ധിമുട്ടുള്ളതുമായ ദൗത്യമെന്ന് ഇസ്രയേൽത്തന്നെ വിലയിരുത്തുന്നു.
Discussion about this post