മള്‍ട്ടിനാഷല്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ കഴിയുക, ഉയര്‍ന്ന ശമ്പളം ലഭിക്കുക എന്നതെല്ലാം പലരുടെയും സ്വപ്‌നമാണ്. മികച്ച ശമ്പളം ലഭിക്കുമെങ്കിലും ചിലപ്പോള്‍ ജോലിയിലെ സമ്മര്‍ദം ചിലപ്പോഴെങ്കിലും ജീവനക്കാര്‍ക്ക് താങ്ങാനാവാത്ത അവസ്ഥയുണ്ട്. മോശം പ്രകടനത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ചിക്കാഗോ സ്വദേശിനിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡിലോയിറ്റില്‍ ഒരു വര്‍ഷം ജോലി ചെയ്തപ്പോള്‍ തനിക്കുണ്ടായ അനുഭവമാണ് സിയേറ ഡെസ്മരാട്ടി എന്ന 24കാരി പങ്കുവെച്ചത്.
ആക്ച്വറല്‍ അനലിസ്റ്റായി ഒരു വര്‍ഷത്തോളമാണ് ഇവര്‍ സേവനം ചെയ്തത്. എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിന് ശേഷം ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി സ്ഥാപനത്തിന്റെ എച്ച്ആര്‍ അവരെ അറിയിച്ചു. പെട്ടെന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ താന്‍ ദുഖിതയായിരുന്നുവെന്ന് ബിസിനസ് ഇന്‍സൈഡര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. ഏകദേശം 76 ലക്ഷം രൂപയോളം ശമ്പളമായി നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു. ഈ തുക തനിക്ക് വളരെ വലുതായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍, ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടത് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ കാര്യമായിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി.
‘ഓഫീസിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഞാന്‍ എന്റെ വ്യക്തിത്വം പണയം വയ്ക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത്. അത് ഒരു ഇരുണ്ട കാലമായിരുന്നു. എന്നാല്‍, ആത്യന്തികമായി എന്റെ കരിയറില്‍ നിന്ന് ഞാന്‍ അര്‍ഹിക്കുന്നത് എന്താണെന്ന് ഈ സംഭവം എന്നെ ബോധ്യപ്പെടുത്തി,” സിയേറ പറഞ്ഞു.
കമ്പനിയില്‍ ഒറ്റപ്പെട്ട് പോയിരുന്നതായും അവര്‍ പറഞ്ഞു. താഴ്ന്ന വരുമാനമുള്ള കുടുംബത്തിലെ അംഗമായിരുന്നു താനെന്നും എന്നാല്‍ ഒപ്പം ജോലി ചെയ്തിരുന്നവര്‍ വില കൂടിയ സ്യൂട്ട് ജാക്കറ്റുകളും മറ്റ് വസ്ത്രങ്ങളുമാണ് ധരിച്ചിരുന്നത്. അപ്പോള്‍ തന്നെ തനിക്കിണങ്ങിയ സ്ഥലമല്ല അതെന്ന് തിരിച്ചറിയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
”ഓഫീസ് എന്നാല്‍ വറചട്ടിയിലെ അനുഭവമായിരുന്നു . ഒരു ദിവസം 11 മണിക്കൂറോളമാണ് ഓഫീസില്‍ ജോലിക്കായി ചെലവഴിച്ചിരുന്നത്. ഇത് മാനസികമായും ശാരീരികമായും എന്നെ തളര്‍ത്തി. സ്നാക്സുകളെ ഞാന്‍ കൂടുതലായി ആശ്രയിച്ചു തുടങ്ങി. ഇത് എന്റെ ശരീരഭാരം 9 കിലോഗ്രാമോളം വര്‍ധിപ്പിച്ചു. മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെന്ന് എന്റെ കോച്ച് എന്നോട് പറഞ്ഞു. എന്നാല്‍, ആ സമയത്ത് അക്കാര്യം എന്നോട് ആരും പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെട്ടു. അത് അറിഞ്ഞിരുന്നുവെങ്കില്‍ തനിക്ക് മാറ്റങ്ങള്‍ വരുത്താനാകുമെന്ന് മനസ്സിലാക്കിയപ്പോള്‍ നിരാശിതയായെന്നും സിയേറ പറഞ്ഞു.
Discussion about this post