ലക്‌നൗ: അന്തരിച്ച സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന് ഭാരത രത്‌ന നൽകണമെന്ന ആവശ്യവുമായി സമാജ് വാദി പാർട്ടി നേതാക്കൾ. മുലായം സിംഗ് യാദവിന് പദ്മവിഭൂഷൺ നൽകാനുളള തീരുമാനം അദ്ദേഹത്തിന്റെ സംഭാവനകളെ അപമാനിക്കുന്നതാണെന്നും സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.
മുലായത്തിന് പദ്മവിഭൂഷൺ നൽകിയതിലൂടെ അദ്ദേഹത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണെന്നും എസ്പി നേതാവ് ആരോപിച്ചു. മുലായം സിംഗിനോട് ആദരവുണ്ടെങ്കിൽ കേന്ദ്രസർക്കാർ അദ്ദേഹത്തിന് ഭാരതരത്‌ന നൽകുകയാണ് വേണ്ടതെന്നും മൗര്യ ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തിൽ പറയുന്നു.
മുലായത്തിന് ഭാരത രത്‌ന നൽകണമെന്ന് നേരത്തെ മുതൽ സമാജ് വാദി പാർട്ടി നേതാക്കൾ ആവശ്യപ്പെടുന്നതാണ്. പദ്മ വിഭൂഷൺ നൽകിയതോടെ ഈ ചർച്ചകൾ വീണ്ടും സജീവമാക്കുകയാണ് സമാജ് വാദി പാർട്ടി നേതാക്കൾ.
മുൻ പ്രതിരോധ മന്ത്രി കൂടിയായ മുലായം സിംഗ് യാദവിന് ഭാരത് രത്‌ന അല്ലാതെ മറ്റൊരു ബഹുമതിയും ഉചിതമാകില്ലെന്ന് ആയിരുന്നു സമാജ് വാദി പാർട്ടി വക്താവ് ഐപി സിങിന്റെ പ്രതികരണം. ഭാരത രത്‌ന നൽകുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐപി സിങ് കൂട്ടിച്ചേർത്തു.
ഒക്ടോബർ 10 നാണ് മുലായം സിംഗ് യാദവ് അന്തരിച്ചത്. പൊതുമേഖലയിലെ ഇടപെടൽ പരിഗണിച്ചാണ് അദ്ദേഹത്തിന് രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നൽകാൻ തീരുമാനിച്ചത്.
Discussion about this post