ന്യൂഡൽഹി: മുത്വലാഖ് നിരോധനം വർഗീയ നടപടിയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്വലാഖ് ഒരിടത്തും പറഞ്ഞിട്ടുളളതല്ലെന്നും ഖുർആനിൽ പോലും ഇതേക്കുറിച്ച് പറയുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.
മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമായിരിക്കും. മുത്വലാഖ് ഇപ്പോൾ ഒരു പ്രശ്‌നമല്ല. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം വിവാഹമോചന നിരക്ക് 90 ശതമാനത്തോളം കുറഞ്ഞതായി ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. നിരവധി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഭാവിയാണ് മുത്വലാഖ് നിരോധനത്തിലൂടെ സുരക്ഷിതമായതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ചിലർക്ക് മാത്രമാണ് പ്രശ്‌നമെന്നും അതിന് ഒന്നും ചെയ്യാനാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലായിടത്തും വിവാഹമോചനം നടക്കുന്നുണ്ട്. മുസ്ലീങ്ങൾക്കിടയിലും അതുണ്ട്. പക്ഷെ മുത്വലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കാൻ ഖുർആനിൽ പോലും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്ര ഉദ്ഘാടനം ചെയ്യവേയാണ് മുത്വലാഖ് നിരോധനം വർഗീയ നടപടിയാണെന്ന് പിണറായി വിജയൻ പറഞ്ഞത്. സുപ്രീംകോടതി പോലും അംഗീകരിച്ച നിയമത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ അഭിപ്രായത്തോട് വിയോജിച്ച് നിരവധി പേർ രംഗത്തത്തിയിരുന്നു. സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപിയും ആരോപിച്ചിരുന്നു.
Discussion about this post