വാഷിംഗ്ടൺ : വസൂരി പ്ലേഗ് പോലുള്ള മഹാവ്യാധികൾക്കെതിരെ വാക്സിനുകൾ കണ്ടെത്തി ലോകത്തെ രക്ഷിച്ച ശാസ്ത്രം ഇതാ മാരകമായ മറ്റ് രോഗങ്ങൾക്കുള്ള വാക്സിനുമായി വരുന്നു. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള വാക്സിൻ അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഗണ്യമായ പുരോഗതിയാണ് വാക്സിൻ പരീക്ഷണങ്ങളിൽ ഉണ്ടായത്.
കോവിഡ് വാക്സിന്റെ വിജയമാണ് പുതിയ വാക്സിനുകളുടെ പരീക്ഷണം വിജയകരമാകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2030 ഓടെ ക്യാൻസറിനും ഹൃദ്രോഗത്തിനുമുള്ള വാക്സിനുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വാക്സിൻ നിമ്മാതാക്കളായ മോഡേണ അഞ്ച് വർഷത്തിനുള്ളിൽ മാരക രോഗങ്ങൾക്കുള്ള വാക്സിനുകൾ ലഭ്യമാക്കുമെന്നാണ് അവകാശപ്പെടുന്നത്. പലവിധത്തിലുള്ള ട്യൂമർ അനുബന്ധ ക്യാൻസറുകൾക്കുള്ള വാക്സിനുകൾ നിർണായക ഘട്ടത്തിലാണെന്ന് കമ്പനി പറയുന്നു. കോവിഡിന് കമ്പനി പുറത്തിറക്കിയ വാക്സിനുകൾ വിവിധ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഫ്ലൂവിനും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വികസിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത പത്തുവർഷത്തിനുള്ളിൽ ജനിതക രോഗങ്ങൾക്കുള്ള യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയുമെന്നും അതുകൊണ്ട് തന്നെ അവയെ മറികടക്കാനുള്ള വഴികൾ എളുപ്പമാകുമെന്നും മൊഡേണ ചീഫ് മെഡിക്കൽ ഓഫീസർ പോൾ ബേർട്ടൺ വ്യക്തമാക്കി. mRNA അടിസ്ഥാനമാക്കിയുള്ള ക്യാൻസർ വാക്സിനുകളാണ് നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ളത്.
ശരീരത്തിലെ ക്യാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന രീതിയിലാണ് വാക്സിന്റെ ഘടന. നല്ല കോശങ്ങളെ വാക്സിൻ നശിപ്പിക്കില്ല. നിലവിൽ ചർമ്മത്തെ ബാധിക്കുന്ന ക്യാൻസറായ മെലനോമക്കെതിരെ പരീക്ഷണത്തിൽ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു.
Discussion about this post