തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. കണ്ണനെ കണികണ്ടും, പടക്കം പൊട്ടിച്ചും ഈ വിഷു ദിനം ആഘോഷപൂർണമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. നമ്മുടെ പുതുവർഷാരംഭം കൂടിയാണ് ഈ വിഷുദിനം എന്നതും ശ്രദ്ധേയമാണ്.
നിരവധി ഐതിഹ്യങ്ങളാണ് വിഷുവുമായി ബന്ധപ്പെട്ടിരിക്കുന്നത്. എങ്കിലും വിഷു കേരളീയർക്ക് കാർഷിക സമൃദ്ധിയുടെ ആഘോഷമാണ്. ഇഴ മുറിഞ്ഞ് പോകാത്ത കാർഷിക സംസ്‌കാരത്തെയാണ് ഈ ദിനം നമ്മെ ഓർമ്മിക്കുന്നത്. കൃഷിയിലൂടെയാണ് സമൃദ്ധി കൈവരിക്കുന്നത്. അതുകൊണ്ട് തന്നെ വിഷു ദിനം സമ്പദ് സമൃദ്ധമായ ഒരു വർഷത്തിനായുള്ള പ്രതീക്ഷകളും നമുക്ക് നൽകുന്നു.
വിഷു ദിനത്തിനോട് അനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. ക്ഷേത്രങ്ങളിൽ വിഷുക്കണി ഒരുക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ തന്നെ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ദിവസങ്ങൾക്ക് മുൻപു തന്നെ വിഷു ആഘോഷത്തിനായുള്ള തയ്യാറെടുപ്പുകൾ മലയാളികൾ നടത്തിയിരുന്നു. വില വർദ്ധനവ് പേടിച്ച് കണിവയ്ക്കാനുള്ള സാധനങ്ങളും സദ്യയൊരുക്കാനുള്ള പച്ചക്കറികളും ഒരാഴ്ച മുൻപ് തന്നെ വാങ്ങി സൂക്ഷിച്ചവരുണ്ട്. എങ്കിലും മുൻ വർഷങ്ങളിലെ പോലെ വലിയ വില വർദ്ധനവ് ഇക്കുറിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പൊതുജനങ്ങൾക്കായി ആഴ്ചകൾക്ക് മുൻപുതന്നെ സർക്കാർ വിഷു ചന്തയും ഒരുക്കിയിരുന്നു.
ഓരോയിടത്തും വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്. എങ്കിലും ഈ ദിനത്തിൽ വരാനിരിക്കുന്ന നല്ല കാലത്തിന്റെ പ്രതീക്ഷകളാണ് എല്ലാവരുടെയും മനസ്സിൽ. പ്രതീക്ഷ പോലെ എല്ലാവർക്കും ഈ വർഷം ഐശ്വര്യവും സമ്പദ് സമൃദ്ധിയുടേതുമാകട്ടെ.
Discussion about this post