ന്യൂഡൽഹി: ഡൽഹിയിൽ പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്ത യുവാവ് അറസ്റ്റിൽ. ഗുലാബി ബാഗ് സ്വദേശി അഫ്താബ് അഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും പശു ഇറച്ചിയും പോലീസ് പിടിച്ചെടുത്തു.
ഈ മാസം ഏഴിന് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. റോഷനാര അണ്ടർപാസിന് സമീപമായി പശുവിന്റെ തലയും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലായിരുന്നു സംഭവത്തിന് പിന്നിൽ അഫ്താബ് ആണെന്ന് വ്യക്തമായത്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു ഹോണ്ട സിറ്റി കാറിലെത്തിയ ആളാണ് അവശിഷ്ടങ്ങൾ തള്ളിയതെന്ന് വ്യക്തമായി. കാറിന്റെ നമ്പറും ദൃശ്യങ്ങളിൽ നിന്നും ലഭിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അഫ്താബിനെ കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഡൽഹി കാർഷിക ഉപയോഗത്തിനായുള്ള പശുക്കളെ സംരക്ഷിക്കൽ നിയമം, മൃഗങ്ങളെ സംരക്ഷിക്കൽ നിയമം എന്നിവ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് ഇയാൾക്കെതിരെ കേസ് എടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഫ്താബ്. മോഷണമുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Discussion about this post