ചെന്നൈ: വാലന്റൈൻസ് ദിനം പ്രമാണിച്ച് കാമുകിയ്ക്ക് സമ്മാനം നൽകാൻ കാമുകൻ ആടിനെ മോഷ്ടിച്ചു. വിഴിപുരം സ്വദേശിയും കോളേജ് വിദ്യാർത്ഥിയുമായ അരവിന്ദ് കുമാറാണ് ആടിനെ മോഷ്ടിച്ചത്. സംഭവത്തിൽ യുവാവിനെയും സുഹൃത്തിനെയും പോലീസ് പിടികൂടി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രദേശവാസിയായ കർഷകയുടെ വീട്ടിൽ നിന്നായിരുന്നു ഇവർ ആടിനെ മോഷ്ടിച്ചത്. ബൈക്കുമായി എത്തി ആടിനെ മോഷ്ടിച്ച് കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു. കൂട്ടിൽ നിന്നും ആടുകളുടെ ബഹളം കേട്ട് വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴായിരുന്നു യുവാക്കളെ കണ്ടത്. ഉടനെ നാട്ടുകാരെ വിളിച്ച് ചേർക്കുകയായിരുന്നു. ഇതോടെ കിട്ടിയ ആടുമായി യുവാക്കൾ ബൈക്കിൽ പോകാൻ ശ്രമിച്ചു. എന്നാൽ പ്രദേശവാസികൾ പിടികൂടുകയായിരുന്നു.
ഗ്രാമവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കാമുകിയ്ക്ക് പിറന്നാൾ സമ്മാനം വാങ്ങുന്നതിനാണ് ആടിനെ മോഷ്ടിച്ചത് എന്ന് അരവിന്ദ് കുമാർ വെളിപ്പെടുത്തിയത്. ആടിനെ ചന്തയിൽ കൊണ്ടുപോയി വിറ്റ് ആ പണം കൊണ്ട് സമ്മാനം വാങ്ങുകയായിരുന്നു ഇവരുടെ പദ്ധതി.
Discussion about this post