കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. കുറ്റിയൂട്ടൂർ സ്വദേശികളായ റിഷ (28), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. ജില്ലാ ആശുപത്രിയ്ക്ക് സമീപം രാവിലെയായിരുന്നു സംഭവം. റിഷ പൂർണ ഗർഭിണിയായിരുന്നു.
ഗർഭിണിയായ യുവതിയെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് വിവരം. ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കാറിൽ ഉണ്ടായിരുന്നു. റിഷയും പ്രജിത്തും കാറിന് മുൻവശത്താണ് ഇരുന്നിരുന്നത്. കാറിന് പുറകിൽ ഉണ്ടായിരുന്ന ബാക്കി നാല് പേരും വാഹനത്തിന്റെ ഡോർ തുറന്ന് രക്ഷപ്പെടുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന പ്രജിത്ത് ആണ് വാഹനത്തിന്റെ ഡോർ തുറന്നു നൽകി നാല് പേരെയും രക്ഷിച്ചത്. മുൻവശത്തെ സീറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും ലോക്ക് മാറ്റാൻ കഴിയാതിരുന്നതിനാൽ ഉള്ളിൽ തന്നെ അകപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കുട്ടിയുൾപ്പെടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിന് മുൻഭാഗത്ത് നിന്നാണ് തീ പടർന്നത് എന്നാണ് കരുതുന്നത്. പുറകിൽ വരികയായിരുന്ന വാഹന യാത്രികരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ ആളി പടർന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും ഇരുവരും അപ്പോഴേക്കും മരിച്ചിരുന്നു.
Discussion about this post