പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ ശ്രമം രണ്ടാം ദിവസവും തുടരുകയാണ്. ഇന്നലെ രാത്രി മുതൽ ഓർത്തഡോക്സ് വിഭാഗം പള്ളിക്ക് മുന്നിൽ തന്നെ നിലയുറച്ചിരിക്കുകയായിരുന്നു. അതേസമയം, പള്ളിയിൽ കയറുന്നതിന് വിലക്കേർപ്പെടുത്തപ്പെട്ട വൈദികരടക്കമുള്ള യാക്കോബായക്കാർ പള്ളിക്കകത്ത് തുടരുകയാണ്. രാവിലെയോടെ യാക്കോബായ വിഭാഗം പള്ളിയിൽ പ്രാർത്ഥനാശ്രശൂഷകൾ നടത്തി.
സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം വിധി നടപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ഇന്നലെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്. എന്നാൽ, ഈ നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പള്ളി ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗക്കാർ പള്ളിക്കകത്ത് പ്രതിഷേധികത്കുകയായിരുന്നു.
പള്ളിപരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. വൈദികരുൾപ്പടെ 67 യാക്കോബായ വിഭാഗക്കാരെ പള്ളിയിൽ കയറുന്നതിന് വിലക്കുകയും ചെയ്തു. എന്നാൽ, വിലക്കേർപ്പെടുത്തപ്പെട്ട വൈദികരുൾപ്പടെയുള്ള യാക്കോബായ വിഭാഗക്കാരെ പള്ളിയിൽ നിന്ന് ഇറക്കാനുള്ള പൊലീസിന്റെ ശ്രമം ഇന്നലെ പരാജയപ്പെട്ടിരുന്നു.
Discussion about this post