ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വെള്ളിയാഴ്ചയാണ് ‘കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന്’ എന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായത്. താരം സുഖം പ്രാപിച്ചുവരുന്നതായി കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹം ആശുപത്രി വിടും.
തലക്കറക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ രജനികാന്തിനെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സമിതി പരിശോധിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് ചെയ്തത്. കഴുത്തിന്റെ ഭാഗത്ത് തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയില്‍ പ്രവേശിച്ച് തടസപാളി നീക്കം ചെയ്യുന്നതാണ് രീതി. വെള്ളിയാഴ്ച രാവിലെ മുതല്‍ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. 50ഒാളം പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
Discussion about this post