വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സർക്കാർ. അക്രമത്തെയോ ആക്രമണ ഭീഷണികളെയോ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ അമേരിക്ക ഗുരുതരമായ കുറ്റകൃത്യമായാണ് പരിഗണിക്കുന്നതെന്നും സർക്കാർ അറിയിച്ചു.
അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് നേരെ നടന്ന ആക്രമണങ്ങളിലും, ഇന്ത്യൻ സ്ഥാനപതി തരൺജീത് സിംഗ് സന്ധുവിന് നേരെ നടന്ന ഭീഷണിയിലും ശക്തമായ നടപടി ഉണ്ടാകുമെന്നും അമേരിക്കൻ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ സ്ഥാനപതി തരൺജീത് സിംഗ് സന്ധുവിനെ ഭീഷണിപ്പെടുത്തിയത്. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയിരുന്നു. ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന ശക്തമായ നടപടികളിൽ അരിശം പൂണ്ടായിരുന്നു ഖാലിസ്ഥാൻ വാദികൾ ഇന്ത്യൻ സ്ഥാപനങ്ങൾ ആക്രമിച്ചത്.
നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചിരുന്നു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post