ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യയുടെയും ഉടമസ്ഥതയിലുള്ള 751 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 661 കോടി രൂപയുടെ ആസ്തിയാണ് ഡൽഹിയിലും മുംബൈയിലും ലഖ്നൗവിൽ നിന്നുമായി ഇഡി കണ്ടുകെട്ടിയത്. ഇക്വിറ്റി ഷെയറുകളുടെ രൂപത്തിലാണ് യംഗ് ഇന്ത്യയുടെ ആസ്തി കണ്ടുകെട്ടിയിരിക്കുന്നത്. ഇത്തരത്തിൽ കണ്ടുകെട്ടിയിരിക്കുന്നത് 90.21 കോടി രൂപയുടെ ആസ്തിയാണ്.
2016 ജൂൺ 26ന് സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് നാഷണൽ ഹെറാൾഡ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി ഏറ്റെടുക്കുന്നത്.
കേസിൽ യംഗ് ഇന്ത്യ അധികൃതർ ഉൾപ്പെടെയുള്ള പ്രതികൾ സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി ഇഡി കോടതിയിൽ വ്യക്തമാക്കി. നൂറ് കണക്കിന് കോടി രൂപയുടെ മൂല്യമുള്ള അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്തുക്കൾ കൈക്കലാക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായും ഇഡി കണ്ടെത്തി.
പത്രം പ്രസിദ്ധീകരിക്കുന്നതിനായി രാജ്യത്തെ വിവിധ നഗരങ്ങളിൽ കുറഞ്ഞ വിലക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഭൂമി വാങ്ങി. എന്നാൽ 2008ൽ പ്രസിദ്ധീകരണം നിർത്തലാക്കിയ അസോസിയേറ്റഡ് ജേണൽസ് ഈ ഭൂമി വ്യാവസായിക ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ തുടങ്ങി.
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് അസോസിയേറ്റഡ് ജേണൽസ് 90.21 കോടി രൂപ വായ്പ ഇനത്തിൽ തിരികെ നൽകാനുണ്ടായിരുന്നു. എന്നാൽ ഈ തുക കിട്ടാക്കടമായി എ ഐ സി സി പ്രഖ്യാപിക്കുകയും, യംഗ് ഇന്ത്യൻ എന്ന പുതിയ കമ്പനി രൂപീകരിച്ച് ഈ ഭീമൻ തുകയുടെ മൂല്യം കേവലം അൻപത് ലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്തു. അൻപത് ലക്ഷം രൂപ നൽകാനുള്ള വരുമാന സ്രോതസ്സ് ഈ കമ്പനിക്ക് ഇല്ലെന്ന് പിന്നീട് വ്യക്തമായി.
ഈ പ്രവൃത്തിയിലൂടെ, അസോസിയേറ്റഡ് ജേണൽസിന്റെ നിക്ഷേപകരെയും കോൺഗ്രസ് പാർട്ടിയുടെ സംഭാവന ദാതാക്കളെയും അസോസിയേറ്റഡ് ജേണൽസിന്റെയും കോൺഗ്രസ് പാർട്ടിയുടെയും ഭാരവാഹികൾ തന്നെ വഞ്ചിതായാണ് കേസ്.
പിന്നീട് അസോസിയേറ്റഡ് ജേണൽസ് യംഗ് ഇന്ത്യന്റെ ഉപകമ്പനിയായി മാറുകയും വസ്തുവകകളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചെയ്തു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ നാഷണൽ ഹെറാൾഡ് അഴിമതി കേസിലും അന്വേഷണം തുടരുകയാണ്.
Discussion about this post