ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ ജനപ്രീതി വർദ്ധിപ്പിക്കാൻ വളരെ തന്ത്രപരമായി നീങ്ങണമെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി. വെറുതെ പോസ്റ്റുകൾ ഇട്ടതുകൊണ്ട് മാത്രം ഇൻസ്റ്റഗ്രാമിൽ റീച്ച് കൂടില്ലെന്നാണ് ആദം മൊസേരി പറയുന്നത്. ഇതിനുള്ള ചില നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് അദ്ദേഹം.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവക്കുമ്പോൾ ഈ പോസ്റ്റുകളിൽ ഫോളോവർമാരുടെ ഇടപെടൽ അഥവാ എൻഗേജ്മെന്റ് നീരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് മൊസേരി പറയുന്നു. കമന്റുകൾ, ലൈക്കുകൾ എന്നിവ വഴി ആളുകൾ ഇൻസ്റ്റഗ്രാമിലെ കണ്ടന്റുകളോട് പ്രതികരിക്കുന്നതിനെയാണ് എൻഗേജ്മെന്റുകൾ എന്ന് പറയുന്നത്. ഒന്നോ രണ്ടോ ദിവസം മാത്രം ഇത്തരത്തിൽ എൻഗേജ്മെന്റ് നോക്കിയാൽ പോരാ. ഒരാഴ്ച്ചയെങ്കിലും ഇത്തരത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഉള്ളടക്കങ്ങൾ ആഴ്ച്ചകളോളം നോക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
ഇൻസ്റ്റഗ്രാമിൽ ഓരോരുത്തരും അവർ ഫോളോ ചെയ്യുന്നവരുടെ കണ്ടന്റ് മാത്രമല്ല കാണുക. പലരും അവർ ഫോളോ ചെയ്യാത്തവരുടെ കണ്ടന്റുകളാണ് കാണുക. ഇവയെ റെക്കമന്റേഷനുകൾ എന്ന് പറയുന്നു. യഥാർത്ഥത്തിൽ രണ്ടു ദിവസമെങ്കിലും പഴക്കമുള്ള കണ്ടന്റുകളാണ് റെക്കമെന്റേഷനുകളായി വരുന്നത്. അതിനാൽ ദിസങ്ങളോളം നമ്മളിടുന്ന പോസ്റ്റുകളിലെ എൻഗേജുമെന്റുകൾ നിരീക്ഷിക്കേണ്ടതുണ്ട്.
ഇൻസ്റ്റഗ്രാമിൽ ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് പങ്കുവയ്ക്കുന്നവയെയാണ് കരോസലുകൾ എന്നു പറയുന്നത്. റീലുകളേക്കാൾ റീച്ച് കൂടാൻ സാധ്യതയുള്ളത് കരോസലുകൾക്കാണ്. ഉപഭോക്താവിന്റെ ഫീഡിൽ കരോസലുകൾ ഒന്നിലധികം തവണ പ്രത്യക്ഷപ്പെടും. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന ഒരു വ്യക്തി കരോസലിലെ ഒരു ഫോട്ടോ മാത്രം കണ്ട് അടുത്ത ഫോട്ടോയിലേക്ക് സൈ്വയ്പ്പ് ചെയ്യാതിരുന്നാൽ അതിലെ മറ്റ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വീണ്ടും അയാളെ കാണിക്കും. ഇത് ഉപഭോക്താക്കൾക്ക് അതേ പ്രൊഫൈലിൽ ഒന്നുകൂടി ശ്രദ്ധ ലഭിക്കാൻ കാരണമാകും. ഇത് സ്വാഭാവികമായും എൻഗേജ്മെന്റ് വർദ്ധിപ്പിക്കും.
അടുത്തതായി നിങ്ങൾ ചെയ്യേണ്ടത് പോസ്റ്റ് ഷെയറുകളിലെ എണ്ണം വിശകലനം ചെയ്യുക എന്നതാണ്. കണ്ടന്റുകളിൽ ആളുകളുടെ എൻഗേജ്മെന്റ് വർദ്ധിപ്പിക്കാൻ ഇത് സഹായകമാകും. ഏറ്റവും അധികം ആളുകൾ ഷെയർ ചെയ്ത ഉള്ളടക്കങ്ങളായിരിക്കും ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. അതായത് നിങ്ങളുടെ ഏറ്റവും ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകളായിരിക്കും ഏറ്റവും സ്വീകാര്യതയുള്ളത്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഏറ്റവും സ്വീകാര്യതയുള്ളതെന്ന് നിങ്ങൾക്ക് തോന്നുന്ന കണ്ടന്റുകൾക്ക് സമാനമായവ നൽകുന്നത് നിങ്ങളുടെ റീച്ച് കൂട്ടാൻ സഹായകമാക്കുമെന്നും മൊസേരി വ്യക്തമാക്കി.
ഫോളോവർമാരുടെ എണ്ണത്തിനല്ല, പോസ്റ്റിന്റെ എൻഗേജ്മെന്റിനാണ് പ്രധാന്യം നൽകേണ്ടത്. ഫോളോവർമാരുടെ എണ്ണം റീച്ച് വർദ്ധിപ്പിക്കും. എന്നാൽ ഓരോ പോസ്റ്റിലും ആളുകൾ എൻഗേജ് ചെയ്യുന്നുണ്ടോ എന്നതിലാണ് കാര്യം. നിങ്ങളുടെ ഫോളോവർമാരുടെ എണ്ണം കുറയുകയും പോസ്റ്റ് എൻഗേജ്മെന്റ് കൂടുകയും ചെയ്യുന്നത് നല്ല ലക്ഷണമാണ്. അതേസമയം, ഫോളോവർമാരുടെ എണ്ണം കൂടുതൽ ഉണ്ടെങ്കിലും പോസ്റ്റ് എൻഗേജ്മെന്റ് കുറവാകുന്നത് മോശം ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post