ആലപ്പുഴ: മുതുകുളത്ത് കണ്ണ് പരിശോധിക്കനെത്തിയ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒപ്‌റ്റോമെട്രിസ്റ്റ് (കണ്ണ് പരിശോധകൻ) അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീഖ് (48) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. കണ്ണ് പരിശോധിക്കുന്നതിനിടെ ഇയാൾ കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരിശോധന പൂർത്തിയാക്കിയ ഉടനെ പെൺകുട്ടി വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. ഇതോടെ ഡോക്ടർ അബ്ദുൾ റഫീഖിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് തൃക്കുന്നപ്പുഴ പോലീസാണ് ഇയാൾക്കെതിരെ കേസ് എടുത്ത് നടപടി സ്വീകരിച്ചത്.
ആഴ്ചയിൽ രണ്ട് ദിവസത്തെ സേവനത്തിനായാണ് തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇയാൾ എത്താറുള്ളത്. മറ്റ് കുട്ടികളെയും സമാന രീതിയിൽ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് കേസ് എടുത്തതിന് പിന്നാലെ അബ്ദുൾ റഫീഖ് ഒളിവിൽ പോയിരുന്നു. നൂറനാട് നിന്നാണ് പിന്നീട് ഇയാളെ പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
എസ് എച്ച് ഓ ബിജു ആർ ൻറെ നേതൃത്വത്തിൽ എസ് ഐ രതീഷ് ബാബു, സി പി ഒ മാരായ രാഹുൽ ആർ കുറുപ്പ്, ജഗന്നാഥ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Discussion about this post