ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വൻവിജയം നേടി ബിജെപി . 39 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും രണ്ട് സില്ലാ പരിഷത്ത് സീറ്റുകളിലും പാർട്ടി വിജയിച്ചു. അഞ്ച് ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഒരു സീറ്റിലും, സ്വതന്ത്രർ ഒമ്പതിലും വിജയം നേടി.
സംസ്ഥാനത്തെ 23 ജില്ലകളിലായി ഒഴിഞ്ഞുകിടന്ന 54 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും രണ്ട് സില്ലാ പരിഷത്ത് സീറ്റുകളിലുമാണ് പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തത്. ഒരു സില്ലാ പരിഷത്ത് സീറ്റിലേക്കും അഞ്ച് ഗ്രാമപഞ്ചായത്ത് സീറ്റിലേക്കും മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാക്കിയുളളിടത്ത് എതിരില്ലാതെ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു
അരുണാചൽ പ്രദേശിൽ 242 മണ്ഡലങ്ങളുള്ള 25 സില്ലാ പരിഷത്തുകളും 8,145 സീറ്റുകളുള്ള 2,115 ഗ്രാമപഞ്ചായത്തുകളുമുണ്ട്്.. അരുണാചൽ പ്രദേശിലെ ജനസംഖ്യ 13.84 ലക്ഷമാണ്. 2020 ഡിസംബറിലാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. അരുണാചൽപ്രദേശിലെ ജനഹൃദയങ്ങളിൽ ബിജെപിക്ക് ശക്തമായ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ദ്വിതല പഞ്ചായത്തിരാജ് സംവിധാനം സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഫലപ്രദമായ തദ്ദേശ ഭരണത്തിന്റെ ഗുണങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെയും തെളിവാണ് ഈ ഫലങ്ങളെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വോട്ടുവിഹിതം മെച്ചപ്പെടുത്താൻ പാടുപെടുകയാണ്.
Discussion about this post