കൊച്ചി: സംസ്ഥാനത്ത് ഒരുമാസംകൊണ്ട് ബിഎസ്എന്‍എലിന് ലഭിച്ചത് 2.40 ലക്ഷത്തിലേറെ പുതിയ വരിക്കാര്‍. മാര്‍ച്ച് 31ന് സംസ്ഥാനത്തെ വിവിധ ടെലികോം ജില്ലകളിലായി നല്കിയ പുതിയ സിം കണക്ഷനാണ് രണ്ടരലക്ഷത്തോട് അടുക്കുന്നത്. ജനുവരി, ഫെബ്രുവരിയില്‍ ബിഎസ്എന്‍എല്‍ മൊബൈലിനു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് മാര്‍ച്ചില്‍ ഒരുലക്ഷത്തിലേറെ വരിക്കാരെ ചേര്‍ക്കാനാണ് ലക്ഷ്യമിട്ടതെങ്കില്‍ കേരള സര്‍ക്കിള്‍ അതിന്റെ ഇരട്ടിയിലേറെ വരിക്കാരെ ചേര്‍ത്തു. കൂടുതല്‍ വരിക്കാരെ ചേര്‍ത്തതില്‍ എറണാകുളം സെക്കന്‍ഡറി സ്വിച്ചിങ് ഏരിയ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി.
25,000 പുതിയ കണക്ഷനുകളായിരുന്നു മാര്‍ച്ചില്‍ എറണാകുളം എസ്എസ്എയില്‍ ലക്ഷ്യം. എന്നാല്‍, ലക്ഷ്യവും കവിഞ്ഞ് വരിക്കാര്‍ 60,486 ആയി. വരിക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞമാസം രാജ്യത്ത് ഒന്നാമതെത്തിയത് ഗുജറാത്തിലെ മെഹ്സാന എസ്എസ്എയാണ്. 65,362 പുതിയ വരിക്കാര്‍. കൊല്‍ക്കത്ത (47,895) മൂന്നാമതും പഞ്ചാബിലെ ഫിറോസ്പുര്‍(47,684) നാലാമതുമാണ്. കേരള സര്‍ക്കിളില്‍ കൂടുതല്‍ പുതിയ വരിക്കാരെ ചേര്‍ത്ത രണ്ടാമത്തെ എസ്എസ്എ കണ്ണൂരും മൂന്ന്് തൃശൂരുമാണ്.
രാജ്യത്ത് പുതിയ കണക്ഷനുകളില്‍ ഏറ്റവും മുന്നില്‍ ഐഡിയയും തൊട്ടുപിന്നില്‍ വോഡാഫോണുമായിരുന്നു. രണ്ടു കമ്പനികളും തമ്മില്‍ ലയിച്ചതോടെ പുതിയ വരിക്കാരുടെ എണ്ണത്തില്‍ ഇനി ബിഎസ്എന്‍എല്‍ മൂന്നാംസ്ഥാനത്തേക്ക് ഉയരും. റിലയന്‍സ് ജിയോയുടെ വരവോടെ ഭീഷണിയിലായ ബിഎസ്എന്‍എല്‍ മത്സരത്തിന്റെ ഭാഗമായി പുതിയ ഡാറ്റാ, വോയ്സ്, എസ്എംഎസ് വാഗ്ദാനങ്ങള്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകളില്‍ നല്‍കിയിരുന്നു. ഇതിനുപുറമെ ‘സെര്‍വ് വിത്ത് എ സ്മൈല്‍’ എന്ന പദ്ധതിയിലൂടെ ബിഎസ്എന്‍എല്‍ സിം കണക്ഷന് വിതരണം വ്യാപിപ്പിക്കാന്‍ ചെയ്ത പ്രയത്നങ്ങള്‍ ഫലം കാണുന്നു എന്നാണ് ജനങ്ങളുടെ മികച്ച പ്രതികരണം വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. മൊബൈല്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരെയും ജനങ്ങള്ക്കിടയിലിറക്കി സിം കാര്‍ഡ് വിതരണം നടത്തിയതും ഫലം കണ്ടു.
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളിലെ ആകെ പ്രീപെയ്ഡ് കണക്ഷനുകളുടെ എണ്ണം 17,05,649 ആണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 12,97,385 ആണുണ്ടായിരുന്നത്. കണക്ഷനുകളില്‍ ഒരുവര്‍ഷത്തിനകം കേരള സര്‍ക്കിള്‍ കൈവരിച്ചത് 31.46 ശതമാനം നേട്ടമാണ്.
Discussion about this post