തമിഴ് സൂപ്പര്‍താരം രജനീകാന്ത് വിവിധ മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റര്‍മാരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തും. നേരത്തെ ആരാധകസംഘമവും നടത്തിയിരുന്നു. താരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമായിരിക്കെയാണ് മാധ്യമമേധാവികളുമായുള്ള കൂടിക്കാഴ്ച.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതം തേടി ബിജെപി നേതാക്കള്‍ താരത്തെ ബന്ധപ്പെട്ടതായും സൂചനയുണ്ട്. ഡല്‍ഹിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് സൂചന. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തുവന്നിട്ടുണ്ട്.
ഇന്ത്യ ടുഡേ ടിവി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ്, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും അമിത് ഷാ വ്യക്തമാക്കിയത്. രജനീകാന്ത് എപ്പോഴാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നത് താനെങ്ങനെയാണ് തീരുമാനിക്കുക എന്നു ചോദിച്ച ഷാ, നല്ലവരായ എല്ലാവരും രാഷ്ട്രീയത്തിലേക്കു വരുന്നതിനെ ബിജെപി സ്വാഗതം ചെയ്യുമെന്നും വ്യക്തമാക്കി.
മോദി-രജനി കൂടിക്കാഴ്ചയേക്കുറിച്ചുള്ള പ്രചരണങ്ങള്‍ക്ക് അമിത് ഷായുടെ പ്രതികരണമിങ്ങനെ: മോദിജിയുമായി കൂടിക്കാഴ്ച നടത്താന്‍ ആയിരങ്ങളാണ് എത്തുന്നത്. എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന നല്ലവരായ വ്യക്തികള്‍ മോദിജിയെ കാണാന്‍ എത്തുന്നുണ്ട്. അവര്‍ അദ്ദേഹത്തെ കാണുകതന്നെ വേണം, ഷാ പറഞ്ഞു.
ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തമിഴ് ജനത വര്‍ഷങ്ങളായി കാത്തിരിക്കുന്ന തന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് രജനീകാന്ത് സൂചന നല്‍കിയത്. എട്ടു വര്‍ഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയുടെ ആദ്യ ദിനത്തില്‍, ദൈവം തീരുമാനിച്ചാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനവും താരം നടത്തിയിരുന്നു. എംജിആര്‍ മുതല്‍ ജയലളിത വരെയുള്ള താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴക രാഷ്ട്രീയ ചരിത്രമാണ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോള്‍ രജനിക്കു മുന്നിലുള്ളത്.
ചലച്ചിത്ര താരങ്ങള്‍ക്കു വന്‍ സ്വീകരണം ലഭിച്ചിട്ടുള്ള തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രജനീകാന്തിന്റെ വരവിനെ ദ്രാവിഡ പാര്‍ട്ടികളും ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ ദേശീയ പാര്‍ട്ടികളും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. താരത്തെ സ്വന്തം പാളയത്തിലെത്തിക്കാന്‍ പാര്‍ട്ടികള്‍ കച്ചമുറുക്കുന്നതിനിടെയാണ് മോദി–രജനീകാന്ത് കൂടിക്കാഴ്ചയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍, രജനി–മോദി കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗികമായി ബിജെപി തമിഴ്നാട് ഘടകം പ്രതികരിച്ചിട്ടില്ല.
അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകില്ലെന്നും സൂചനകളുണ്ട്. അതിനിടെ, അണ്ണാ ഡിഎംകെയുമായി വിഘടിച്ചു നില്ക്കുന്ന ഒ.പനീര്‍സെല്‍വം വിഭാഗം ബിജെപിയുമായി സഹകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബിജെപിയുമായി സഹകരണത്തിന്റെ സൂചന നല്കി പനീര്‍സെല്‍വം ഇന്നലെ വൈകിട്ട് ട്വിറ്ററിലിട്ട കുറിപ്പ് രാത്രി വൈകി നീക്കം ചെയ്തിരുന്നു.
അതിനിടെ, പനീര്‍സെല്‍വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് രജനിയുമായുള്ള കൂടിക്കാഴ്ചയെന്നും സൂചനകളുണ്ട്. രജനീകാന്തിനെപ്പോലെ സുസമ്മതനായ വ്യക്തിയെ എത്തിച്ച് ആദ്യം പാര്‍ട്ടിയെയും, പിന്നീട് അണ്ണാ ഡിഎംകെയെ സഹകരിപ്പിച്ച് മുന്നണിയെയും ശക്തമാക്കാനാണ് ബിജെപിയുടെ ശ്രമം. ജയലളിതയുടെ വിയോഗവും കരുണാനിധിയുടെ അനാരോഗ്യവും തമിഴ് രാഷ്ട്രീയത്തില്‍ തീര്‍ത്തിരിക്കുന്ന വന്‍വിടവില്‍ രജനീകാന്തെന്ന ജനപ്രിയ താരത്തെ പ്രതിഷ്ഠിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അങ്ങനെ, തമിഴ് ജനതയെ കാവിക്കൊടിക്കു കീഴില്‍ അണിനിരത്താമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
Discussion about this post