ഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നെന്ന സംശയത്തെ തുടര്‍ന്ന് കാശ്മീരിലും ഡല്‍ഹിയിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ കണ്ടെടുത്തു. കാശ്മീരിലെ 14 ഇടങ്ങളിലും ഡല്‍ഹിയിലെ എട്ട് സ്ഥലങ്ങളിലുമായി 22 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ഹവാല ചാനലുകള്‍ വഴി പാകിസ്ഥാനിലെ ലഷ്കറെ ത്വയ്ബയ്ക്കും വിഘടനവാദികള്‍ക്കും സാമ്പത്തിക സഹായം നല്കിയ ഇടപാടുകാരെ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്ന് എന്‍.ഐ.എ മേധാവി ശരത്കുമാര് പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയതിന്റെ പേരില്‍ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗിലാനി, ലഷ്കറെ ത്വയ്ബ തലവന്‍ ഹഫീസ് സയിദ് എന്നിവര്‍ക്കെതിരെ എന്‍.ഐ.എ കേസെടുത്തിട്ടുണ്ട്. ഗിലാനിയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഗിലാനിയെ കൂടാതെ മറ്റു വിഘടനവാദി നേതാക്കളായ ഫാറൂഖ് അഹമ്മദ് ദാര്‍, നയീം ഖാന്, ജാവേദ് അഹമ്മദ് ബാബ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഗിലാനിയേയും മറ്റുള്ളവരേയും മുഖത്തോട് മുഖം ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിന് പാകിസ്ഥാനില്‍ നിന്ന് ഇവര്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ ഉറച്ചു വിശ്വസിക്കുന്നത്. കാശ്മീരില്‍ സുരക്ഷാ സേനയ്ക്കു നേരെയുണ്ടായ കല്ലേറിന് പിന്നിലും വിഘടനവാദി നേതാക്കളാണെന്നാണ് കരുതുന്നത്. കാശ്മീരിലേക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിന് മുമ്പ് ഹവാല ചാനല്‍ വഴി, പഴയ ഡല്‍ഹിയിലെ ബല്ലിമാരന്‍, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളില്‍ പണം എത്തിച്ചു എന്നാണ് എന്‍.ഐ.എ കരുതുന്നത്.
Discussion about this post